‘മഞ്ജുഷയുടെ ആ വാക്കുകളിലുണ്ട് എല്ലാം’ - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട്: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ‘ആത്മഹത്യ ആണെങ്കിൽ ഒരു ആത്മഹത്യ കുറിപ്പുണ്ടാകില്ലേയെന്ന എ.ഡി.എം നവീൻ ബാബുവിന്റെ ജീവിത പങ്കാളിയായ തഹസീൽദാർ ശ്രീമതി മഞ്ജുഷയുടെ വാക്കുകളിൽ ഉണ്ട് എല്ലാം..’ -എന്നാണ് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനു താഴെ ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന കമന്റുമായി നിരവധിപേർ വന്നിട്ടുണ്ട്.
തങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു നവീന്‍ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ പ്രതികരിച്ചത്. വിധിയിൽ സന്തോഷമില്ല, ആശ്വാസമാണ്. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെയും അധിക്ഷേപ പരാമർശം നടത്താൻ ദിവ്യക്ക് അവസരം നൽകിയ ജില്ല കലക്ടറുടെ നടപടിയെയും മഞ്ജുഷ രൂക്ഷമായി വിമർശിച്ചു. യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപ പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് കലക്ടര്‍ക്ക് ഇടപെടാമായിരുന്നു. പ്രാദേശിക ചാനലിലെ വിളിച്ച് വരുത്തി വിഡിയോ റെക്കോഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കലക്ടര്‍ ഇടപെട്ടില്ല. യാത്രയയപ്പ് വേദിയില്‍ പറയരുതെന്ന് പറഞ്ഞ് കലക്ടർക്ക് വിലക്കാമായിരുന്നു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
നേരത്തെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടർന്ന് ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു.
കേസില്‍ തുടർ നടപടികൾ പൊലീസിന് സ്വീകരിക്കാമെന്നും പൊലീസിന് ഇക്കാര്യത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒത്തുകളിക്കുന്നുവെന്ന് പറയാനില്ല. എന്തുകൊണ്ട് അറസ്റ്റ് വൈകുന്നു എന്ന കാര്യം പൊലീസിനോട് ചോദിക്കണം. ദിവ്യയുടെ കാര്യത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നു പറഞ്ഞ ടി.പി. രാമകൃഷ്ണൻ അവരെ ഒളിവിൽ പോകാൻ പാർട്ടി സഹായിച്ചുവെന്ന ആരോപണം തള്ളി. ദിവ്യക്കെതിരെ കൂടുതൽ പാർട്ടി നടപടി വേണോ എന്ന കാര്യത്തിൽ കണ്ണൂർ ഘടകം തീരുമാനമെടുക്കുമെന്നും എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.