രാഹുലിനെ വരവേറ്റ് വൻ ജനാവലി
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ആവേശോജ്ജ്വല സ്വീകരണം നൽകി പാലക്കാട്ടെ യു.ഡി.എഫ് പ്രവർത്തകർ. വൈകീട്ടോടെയെത്തിയ സ്ഥാനാർഥിയെ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലിയാണ് പാലക്കാടൻ മണ്ണിലേക്ക് വരവേറ്റത്. രാഹുലിന്റെ ഫോട്ടോ പതിപ്പിച്ച പ്ലക്കാർഡുകളും പാർട്ടി പതാകകളും ത്രിവർണ നിറത്തിലുള്ള ബലൂണുകളുമെല്ലാം അകമ്പടിയുണ്ടായിരുന്നു. മഴ മാറിനിന്നതോടെ പ്രവർത്തകരും ആവേശത്തിലായിരുന്നു. രാഹുലിനെ പ്രവർത്തകർ തോളിലേറ്റി.
ഡി.സി.സി ഓഫിസിലെത്തിയ സ്ഥാനാർഥിയെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, എൻ. ഷംസുദ്ദീൻ എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് തുടങ്ങിയവർ സ്വാഗതം ചെയ്തു. വൈകീട്ട് അഞ്ചരയോടെ തുറന്ന ജീപ്പിൽ നഗരത്തെ ഇളക്കിമറിച്ച് റോഡ് ഷോയും നടന്നു. താരേക്കാട് മോയൻ സ്കൂളിന് മുൻവശത്തുനിന്നാരംഭിച്ച് കോട്ടമൈതാനം ചുറ്റി ഏഴോടെ സ്റ്റേഡിയം സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു.
ഷാഫി പറമ്പിൽ എം.പി നേതൃത്വം നൽകി. പി.കെ. ഫിറോസും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വര്‍ക്കിയും തുറന്ന ജീപ്പിൽ രാഹുലിനൊപ്പമുണ്ടായിരുന്നു. വലിയ സന്തോഷമുണ്ടെന്നും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാർട്ടിയിൽനിന്നും കിട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.