10 വർഷം ജയിലിൽ കിടന്നാലും പിന്നോട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: 10 വർഷം ജയിലിൽ കിടന്നാലും സംസ്ഥാന സർക്കാറിനെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കറുത്ത തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയവരാണ് യൂത്ത് കോൺഗ്രസുകാർ. അതിന്റെ പേരിൽ പൊലീസ് കള്ളക്കേസെടുത്തു. താനടക്കം ജയിലിൽ പോകേണ്ട സാഹചര്യമുണ്ടായെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഒമ്പത് ദിവസമല്ല 10 വർഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല. ജനങ്ങളെ സർക്കാറിൽ നിന്നും മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഏകാധിപതികളും ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടിട്ടുണ്ട്.കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. പൊലീസിലെ ഗുണ്ടാപ്പടയാളികൾക്ക് മുഖ്യമന്ത്രി ഗുഡ് സർവീസ് എൻട്രി നൽകുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
നിരുത്തരവാദപരമായ പ്രസ്താവനയാണ് തനിക്കെതിരെ എം.വി ഗോവിന്ദൻ നടത്തിയത്. ഗോവിന്ദനെ താൻ വെല്ലുവിളിക്കുകയാണ്. അദ്ദേഹം നിശ്ചയിക്കുന്ന ദിവസം താൻ ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ മെഡിക്കൽ കോളേജിൽ പോകാം. ചികിത്സാ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാമെന്നും രാഹുൽ പറഞ്ഞു.
സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസുകളിൽ ഇന്നലെയും ഇന്നുമായി ജാമ്യം ലഭിച്ചതിനെ തുടർന്ന് രാഹുൽ ജയിൽ മോചിതനായിരുന്നു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻ സ്വീകരണമാണ് യൂത്ത് കോൺഗ്രസ് ഒരുക്കിയത്. തുറന്ന വാഹനത്തിൽ ആനയിച്ചു. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ഷാഫി പറമ്പിൽ എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ തുടങ്ങിയവർ രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നു. നേരത്തെ, സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് അവശേഷിച്ച കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.