പൊലീസ് കേസിനെ ഭയക്കുന്നില്ല; കേസും തനിക്ക് അനുകൂലമാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: ഹോട്ടൽ മുറിയിലെ പൊലീസിന്‍റെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയക്കുന്നില്ലന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പൊലീസ് കേസെടുത്താൽ അതും തനിക്ക് അനുകൂലമാകുമെന്ന് രാഹുൽ പറഞ്ഞു.
സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണം. എന്നാൽ, അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കണം. അന്വേഷണം നീട്ടിക്കൊണ്ട് പോയി തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
പാതിരാ റെയ്ഡിലെ യാഥാർഥ്യം ജനങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കപ്പെട്ടു. ഈ വിഷയത്തിൽ സി.പി.എമ്മിൽ തന്നെ രണ്ട് അഭിപ്രായമാണ്. സി.പി.എമ്മിലെ രണ്ട് നേതാക്കളും ഒന്നോ രണ്ടോ മാധ്യമപ്രവർത്തകരും മാത്രം ചെയ്ത ഗൂഢാലോചനയെന്ന് തെളിഞ്ഞു കഴിഞ്ഞു.
ഈ വിവാദങ്ങളൊന്നും ജനങ്ങളെ ബാധിക്കില്ല. താൻ ഏത് കടയിൽ നിന്ന് ഷർട്ട് വാങ്ങി എന്നൊക്കയാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ മൊഴി. ഗൗരവമുള്ള മൊഴിയാണ് അദ്ദേഹം കൊടുക്കേണ്ടത്. ഈ കേസിന്‍റെ ആയുസ് 23-ാം തീയതി വരെയാണ്. തൃക്കാക്കരയിൽ അശ്ലീല വിഡിയോ വി.ഡി സതീശൻ നിർമിച്ചെന്ന ആരോപണം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അവസാനിച്ചു.
ഓരോ തെരഞ്ഞെടുപ്പിലും ഓരോ സാധനമുണ്ടെന്നും ഈ തെരഞ്ഞെടുപ്പിലെ സാധനം ട്രോളിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. വാഹനം മാറി കയറിയെന്നത് യാഥാർഥ്യമാണ്. പാലക്കാട്ടെ മുൻ എം.എൽ.എയുടെ വാഹനത്തിലാണ് കയറിയത്. പൊതു റോഡിലാണ് ഈ കാര്യങ്ങളെല്ലാം നടക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.