റാഗിങ്ങും എസ്.എഫ്.ഐയും നാടിന് ആപത്ത്; തെമ്മാടിക്കൂട്ടത്തെ നിരോധിക്കേണ്ട കാലം കഴിഞ്ഞു -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട്: കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിൽ എസ്.എഫ്.ഐക്ക് രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. റാഗിങ്ങും എസ്.എഫ്.ഐയും നാടിന് ആപത്താണെന്നും എസ്.എഫ്.ഐ എന്ന തെമ്മാടിക്കൂട്ടത്തെ നിരോധിക്കേണ്ട കാലം കഴിഞ്ഞുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിദ്യാർത്ഥി രാഷ്ട്രീയത്തിനു എതിരെ പൊതുസമൂഹത്തിൽ പലരും നിലപാട് പറയുമ്പോൾ, അതിനെ പ്രതിരോധിക്കാൻ നമ്മൾ ആദ്യം പറയുന്ന വാദമാണ് വിദ്യാർത്ഥി രാഷ്ട്രീയമുള്ളയിടത്ത് റാഗിംഗ് എന്ന സാമൂഹിക വിപത്ത് ഇല്ല എന്ന്. അത്തരം സാമൂഹിക വിരുദ്ധരെ തടയാൻ ക്യാമ്പസിൽ വിദ്യാർത്ഥി നേതാക്കൾ കാവലുണ്ട്, അവരുടെ കരുതലുണ്ട്.
എന്നാൽ, ആ സാമൂഹിക വിരുദ്ധരുടെ നേതാക്കളായി SFI എന്ന അരാജക കൂട്ടം മാറുന്ന കാഴ്ചയാണ് സിദ്ധാർത്ഥന്റെ കൊലപാതകത്തിലും, ഏറ്റവും പുതിയ കോട്ടയം നഴ്സിംഗ് കോളജിലും കാണുന്നത്.
തിരഞ്ഞെടുപ്പ് ജയിക്കാൻ KSU പ്രവർത്തകരെ ആക്രമിച്ചു തുടങ്ങിയ ഈ ക്വട്ടേഷൻ സംഘം ഇപ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും ഭീഷണിയാണ്…
SFI എന്ന തെമ്മാടിക്കൂട്ടത്തെ നിരോധിക്കേണ്ട കാലം എന്നെ കഴിഞ്ഞതാണ്.
റാഗിങ്ങും SFI യും നാടിനു ആപത്താണ്.
കോട്ടയം ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ആറ് ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗിങ് ചെയ്ത കേസിൽ എസ്.എഫ്.ഐയുടെ നഴ്സിങ് സംഘടനയായ കെ.ജി.എസ്.എൻ.എയുടെ സംസ്ഥാന ഭാരവാഹി അടക്കം അഞ്ച് സീനിയർ വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ രാഹുൽ രാജ് കെ.ജി.എസ്.എൻ.എയുടെ സ്റ്റേറ്റ് സെക്രട്ടറിയും എസ്.എഫ്.ഐ വണ്ടൂർ ലോക്കൽ കമ്മറ്റി ഭാരവാഹിയുമാണ്.
മൂന്നാം വർഷ വിദ്യാർഥികളായ മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ് (22), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ റിജിൽജിത്ത് (20), മൂന്നിലവ് വാളകം കരപ്പള്ളി ഭാഗത്ത് കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ (20), വയനാട് നടവയൽ പുൽപള്ളി ഞാവലത്ത് വീട്ടിൽ ജീവ (19), കോരുത്തോട് മടുക്ക നെടുങ്ങാട് വീട്ടിൽ വിവേക് (21) എന്നിവരാണ് കേസിലെ പ്രതികൾ.
ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കി അതിൽ സ്പിരിറ്റ് പുരട്ടി വേദനയിൽ പുളയുന്നത് നോക്കി രസിക്കുന്ന ക്രൂര വിനോദമായിരുന്നു പല ദിവസങ്ങളിലും അരങ്ങേറിയിരുന്നത്. വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ചുപിടിപ്പിക്കൽ, നഗ്നരാക്കി നിർത്തൽ, സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ (വ്യായാമ ഉപകരണം) തൂക്കൽ, കഴുത്തിൽ കത്തിെവച്ച് ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ, മദ്യപിക്കാൻ ഭീഷണിപ്പെടുത്തി പണം വാങ്ങൽ തുടങ്ങിയ പീഡനങ്ങളും പതിവായിരുന്നെന്ന് വിദ്യാർഥികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ നവംബർ മുതലാണ് റാഗിങ്ങിന്റെ മറവിൽ ക്രൂരപീഡനം തുടങ്ങിയത്. പരാതിപ്പെടുകയോ പുറത്തു പറയുകയോ ചെയ്താൽ ഗുരുതര ഭവിഷ്യത്തുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ലിബിൻ, അജിത്, ദിലീപ്, ആദർശ്, അരുൺ, അമൽ എന്നിവരാണ് കഴിഞ്ഞ മൂന്നുമാസമായി നിരന്തര റാഗിങ്ങിന് ഇരയായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.