‘തുടർപ്രവർത്തനങ്ങൾ പൂർണ ബോധത്തോടെ വേണം’; ഷാഫിക്കെതിരായ പരാമർശം പിൻവലിച്ചതിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsഅടുത്ത തവണ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന് നിയമസഭയിൽ നടത്തിയ പരാമർശം പിൻവലിച്ച സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഒരുപാട് മഹാരഥന്മാർ ഇരുന്ന സ്ഥാനത്തിന് യോജിക്കാത്ത പ്രസ്താവനയാണ് താൻ നടത്തിയതെന്ന തിരിച്ചറിവ് വന്ന എ.എൻ. ഷംസീറിനെ അഭിനന്ദിക്കുന്നതായി രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. തുടർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ പൂർണ ബോധ്യത്തോടെയും ബോധത്തോടെയും താങ്കൾ നടത്തണമെന്ന് ഉപദേശിക്കുന്ന കുറിപ്പിൽ പരമാധികാരം ഭരണാധികാരിയുടെ കൈയിലല്ല, ജനത്തിന്റെ കൈയിലാണെന്നും ഓർമിപ്പിച്ചു. പാലക്കാടിന്റെ ജനപ്രതിനിധിയെ പാലക്കാടൻ ജനത തീരുമാനിക്കട്ടെയെന്നും രാഹുൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിനെതിരായ പരാമർശം സ്പീക്കർ എ.എൻ ഷംസീർ പിൻവലിച്ചു... ഒരുപാട് മഹാരഥന്മാർ ഇരുന്ന സ്ഥാനത്തിന് യോജിക്കാത്ത പ്രസ്താവനയാണ് താൻ നടത്തിയതെന്ന തിരിച്ചറിവ് വന്ന എ.എൻ ഷംസീറിനെ അഭിനന്ദിക്കുന്നു...' ബോധപൂർവമല്ലാതെ നടത്തിയ പരാമർശം' എന്നാണ് പ്രസ്താവന പിൻവലിച്ചു കൊണ്ട് സ്പീക്കർ തന്നെ പറഞ്ഞത്. തുടർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ പൂർണ ബോധ്യത്തോടെയും ബോധത്തോടെയും താങ്കൾ നടത്തണം. പരമാധികാരം ഭരണാധികാരിയുടെ കൈയിലല്ല, ജനത്തിന്റെ കൈയിലാണ്...പാലക്കാടിന്റെ ജനപ്രതിനിധിയെ പാലക്കാടൻ ജനത തീരുമാനിക്കട്ടെ...
മാർച്ച് 14ന് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളംവെച്ചപ്പോഴാണ്, ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട്ട് തോൽക്കും എന്ന പരാമർശം നടത്തിയത്. ഈ പരാമർശം അംഗത്തെ വേദനിപ്പിച്ചെന്നും അനുചിതമായിപ്പോയെന്നും സമ്മതിച്ചാണ് പിൻവലിക്കുന്നതായി സ്പീക്കർ നിയമസഭയിൽ റൂളിങ് നൽകിയത്. ഈ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.