'മുഖ്യമന്ത്രിയുടേത് കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട്; കേസ് സി.ബി.ഐക്ക് പോകാതിരിക്കാന്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചു'
text_fieldsകോഴിക്കോട്: പെരിയ ഇരട്ട കൊലപാതകത്തിലെ കോടതി വിധി കൊലപാതകികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയത്തെ കൂടിയാണ് ശിക്ഷിക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. കൊലയാളികളെ സംരക്ഷിച്ചു നിര്‍ത്തുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. കേസ് സി.ബി.ഐയുടെ അടുത്ത് എത്താതിരിക്കാന്‍ മാത്രം പൊതുഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചു. വെറുതെവിട്ടവര്‍ക്കും ശിക്ഷ ലഭിക്കാനുള്ള നിയമപോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും രാഹുല്‍ പറഞ്ഞു.
'കൊലപാതകികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയത്തെ കൂടിയാണ് കോടതി വിധിയിലൂടെ ശിക്ഷിക്കുന്നത്. കോടതി വെറുതെവിട്ടവര്‍ക്കും ശിക്ഷ ലഭിക്കാനുള്ള നിയമപോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു തുടക്കത്തിലേ സി.പി.എമ്മിന്റെ നിലപാട്. ഒരു മുന്‍ എം.എല്‍.എയും സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡി.ഐ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റും ഉള്‍പ്പെടെ ശിക്ഷിക്കപ്പെടുമ്പോള്‍ ഇത് ഞങ്ങള്‍ ചെയ്തതാണെന്ന് സമ്മതിക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്.
കൊലയാളികളെ സംരക്ഷിച്ചു നിര്‍ത്തുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. കേസ് സി.ബി.ഐയുടെ അടുത്ത് എത്താതിരിക്കാന്‍ മാത്രം പൊതുഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചു. ചീമേനി കേസില്‍ തുടങ്ങിയ ശ്രീധരന്‍ വക്കീല്‍ പെരിയ കേസില്‍ ഒടുങ്ങിയെന്ന കാര്യം തിരിച്ചറിയേണ്ടതായിട്ടുണ്ട്. കഴിക്കുന്ന ഓരോ വറ്റിനും കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്തത്തിന്റെ ഗന്ധമുണ്ടായിരിക്കുമെന്ന കാര്യം ശ്രീധരന്‍ വക്കീലിനെ പോലുള്ള ഒറ്റുകാര്‍ മനസ്സിലാക്കണം' -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.