രാഹുലിന് 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ്; കൽപ്പാത്തിയിലെ 72 ബി.ജെ.പിക്കാർ വോട്ട് ചെയ്തില്ലെന്ന് ഷാഫി
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ അവലോകനവുമായി യു.ഡി.എഫ് രംഗത്ത്. പാലക്കാട് യു.ഡി.എഫിന് പൂർണ ആത്മവിശ്വാസമാണെന്നും രാഹുൽ മാങ്കൂട്ടത്തിലിന് 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നും കോൺഗ്രസ് നേതാക്കളായ വി.കെ. ശ്രീകണ്ഠനും ഷാഫി പറമ്പിലും വ്യക്തമാക്കി.
ഷാഫി കഴിഞ്ഞ തവണ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം നേടും. 12,000നും 15,000നും ഇടയിൽ ഭൂരിപക്ഷം നേടി രാഹുൽ വിജയിക്കും. കൽപ്പാത്തിയിലെ 72 ബി.ജെ.പിക്കാർ വോട്ട് ചെയ്തില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയിൽ എട്ട് ശതമാനം വോട്ട് കുറഞ്ഞു. ഈ തെരഞ്ഞെടുപ്പിലാണ് പിരായിരിയിൽ ഏറ്റവും കൂടുതൽ വോട്ട് പോൾ ചെയ്തതെന്ന് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
അന്തിമ കണക്കുകൾ ലഭിക്കാത്തത് കൊണ്ടാണ് പ്രതികരണം വൈകിയത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ സ്ഥാനം നിശ്ചയിച്ച് വലിയ പ്രചാരണമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാലക്കാട് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. പാലക്കാട് 71 ശതമാനത്തില്‍ അധികം പോളിങ് ഉണ്ട്. വീടുകളില്‍ ചെയ്ത വോട്ട് കൂടി ചേര്‍ക്കുമ്പോള്‍ പോളിങ് ശതമാനം ഉയരും.
യു.ഡി.എഫ് പ്രതീക്ഷിച്ച പോളിങ് ശതമാനമാണ് പാലക്കാടുണ്ടായത്. ടൗണില്‍ പോളിങ് കൂടിയെന്നും ഗ്രാമങ്ങളില്‍ പോളിങ് കൂടിയെന്നും ഇന്നലെ മാധ്യമങ്ങള്‍ പറഞ്ഞത് ശരിയല്ല. ടൗണില്‍ കുറയുകയും ഗ്രാമപ്രദേശങ്ങളില്‍ കൂടുകയുമാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.
യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ എല്ലാം കൃത്യമായ പോളിങ് നടന്നിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ ഉജ്ജ്വലമായ വിജയമുണ്ടാകും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തിട്ടുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോള്‍ ചെയ്തിട്ടുണ്ട്. അഞ്ച് തവണയാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയത്. അതുകൊണ്ടു തന്നെ പ്രതീക്ഷിച്ച ഫലം പാലക്കാടുണ്ടാകും. മറ്റുള്ളവരുടെ അവകാശവാദങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.