അനിൽ ആന്റണി കോൺഗ്രസ് അനുഭാവിയായി പോലും തുടരാൻ അർഹനല്ല -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ബി.ബി.സി ഡോക്യൂമെന്ററിക്കെതിരെ കേന്ദ്ര സർക്കാറിന്റെ ആരോപണങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ കെ. ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യമെന്നാൽ മോദിയല്ലായെന്ന മല്ലികാർജ്ജുന ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആൾ കോൺഗ്രസ് അനുഭാവിയായി പോലും തുടരാൻ അർഹനല്ലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഏതാനും നാൾ മുമ്പ് വാർത്തയിൽ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോൺഗ്രസ് ഡിജിറ്റൽ കമ്യൂണിക്കേഷൻ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്. അനില്‍ ആന്റണിയുടെ പ്രവർത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല, എങ്കിലും സാങ്കേതികമായി അനിൽ ആൻറണി കെ.പി.സി.സി ഡിജിറ്റൽ മീഡിയ ചെയർമാൻ പദവി വഹിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതിൽ തുടരാനുള്ള അവകാശമില്ല. കോൺഗ്രസ് അനുഭാവിയായി പോലും തുടരാൻ അർഹനല്ല -രാഹുൽ വ്യക്തമാക്കി.
ബി.ബി.സി തയാറാക്കിയ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണക്കുന്ന നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ കൂടിയായ അനിൽ കെ. ആന്റണി രംഗത്തുവന്നത്. ഇതിനുപിന്നാലെ അനിലിനെതിരെ ശക്തമായ എതിർപ്പാണ് കോൺഗ്രസിനകത്തുനിന്നും പുറത്തുനിന്നും ഉയർന്നത്. ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരൻ നരേന്ദ്രമോഡിയാണെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ബി.ബി.സി അവരുടെ ഡോക്യുമെൻററിലൂടെ തുറന്നു പറഞ്ഞതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.
അനിലിനെതിരെ റിജിൽ മാക്കുറ്റിയും ഷാഫി പറമ്പിലും വി.ടി. ബൽറാമും നേരത്തെ രംഗത്തെത്തിയിരുന്നു. ‘ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള ബ്രിട്ടന്റെ സ്‌പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ബാധിക്കും' -എന്നായിരുന്നു അനിൽ ട്വീറ്റ് ചെയ്തത്.
ഗുജറാത്ത് വംശഹത്യയെക്കുറിച്ചും അതിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുമാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. 'ഗുജറാത്തിലെ സംഭവങ്ങളിൽ ഞാൻ ഏറെ അസ്വസ്ഥനായിരുന്നു. നമുക്ക് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാൽ വിഷയം അതിജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതായി വന്നു’ -എന്നും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് അന്വേഷണസംഘം അന്ന് ഗുജറാത്ത് സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഡോക്യുമെന്ററി വിദേശ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് കേന്ദ്രസർക്കാർ വാദം. ഈ വാദമാണ് അനിൽ ഏറ്റുപിടിച്ചത്.
അൽപം വെയിലും മഴയും ഒക്കെ കൊള്ളാത്തതിൻറെ സൂക്കേടാണ് -റിജിൽ മാക്കുറ്റി
അനിൽ ആന്റണിയെ പോലുള്ളവർക്ക് പാർട്ടിയിൽ വരുമ്പോൾ തന്നെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാർട്ടിയെ വെല്ലുവിളിക്കാൻ ഇടയാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ‘അനിൽ ആൻറണി കോൺഗ്രസ് പാർട്ടിയിമുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങൾ പറയാൻ. അൽപം വെയിലും മഴയും ഒക്കെ കൊള്ളാത്തതിൻറെ സൂക്കേടാണ്. മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ പാർട്ടിക്ക് എൽപ്പിക്കുന്ന പരിക്ക് ചെറുതല്ല’ -റിജിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂർണരൂപം:
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും , അവഗണിച്ചും ഒരു മനുഷ്യൻ കഴിഞ്ഞ കുറേ മാസങ്ങളായി കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടക്കുന്നത് ഇന്ത്യയെ ഒന്നിപ്പിക്കുവാനാണ്.
ബാബ്റി മസ്ജിദ് തകർത്തും , ഗുജറാത്തിൽ കലാപം നടത്തിയുമൊക്കെ ഇന്ത്യയെ കീറി മുറിച്ച് കൊണ്ടിരിക്കുന്ന ഛിദ്ര ശക്തികൾക്കെതിരെയാണ് രാഹുൽ ഗാന്ധി ജോഡോ യാത്രയുമായി നടക്കുന്നത്.
കോൺഗ്രസും രാഹുൽ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബിബിസി അവരുടെ ഡോക്യുമെൻററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത് , ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരൻ നരേന്ദ്രമോഡിയാണെന്ന് തന്നെയാണ്. പക്ഷേ അനിൽ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ല പോലും!
അനിൽ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ ഏതാനും നാൾ മുമ്പ് വാർത്തയിൽ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോൺഗ്രസ് ഡിജിറ്റൽ കമ്യൂണിക്കേഷൻ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്. അനില്‍ ആന്റണിയുടെ പ്രവർത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല , എങ്കിലും സാങ്കേതികമായി അനിൽ ആൻറണി കെപിസിസി ഡിജിറ്റൽ മീഡിയ ചെയർമാൻ പദവി വഹിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതിൽ തുടരാനുള്ള അവകാശമില്ല, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാർട്ടി പുറത്താക്കണം പറയാനൊള്ളു ..
രാജ്യമെന്നാൽ മോദിയല്ലായെന്ന മല്ലികാർജ്ജുന ഖാർഗെയുടെയും , രാഹുൽ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആൾ കോൺഗ്രസ്സ് അനുഭാവിയായി പോലും തുടരാൻ അർഹനല്ല.
റിജിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:
മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ പാർട്ടിക്ക് എൽപ്പിക്കുന്ന പരിക്ക് ചെറുതല്ല.
അനിൽ ആൻ്റണി കോൺഗ്രസ്സ് പാർട്ടിയിമുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങൾ പറയാൻ. പാർട്ടി അനിൽ ആൻറണിയെ പുറത്താക്കണം.
പാർട്ടിയിൽ വരുമ്പോൾ തന്നെ ഇവർക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാർട്ടിയെ വെല്ലുവിളിക്കാൻ ഇവനൊക്കെ തയ്യാറാകുന്നത്.
അൽപ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിൻ്റെ സൂക്കേടാണ്.
അതാണ് പാർട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.