'ബ്രാഹ്മിൺ ബോയ്സ്', മിണ്ടാതിരിക്കുന്നതാണ് നല്ലത്; കോൺഗ്രസിനെ വിമർശിച്ച കോടിയേരിക്ക് രാഹുലിന്‍റെ മറുപടി
text_fieldsകോഴിക്കോട്: പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ന്യൂനപക്ഷ സമുദായത്തിൽ നിന്നല്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പരാമർശത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കേരളം ഭരിച്ച കോൺഗ്രസ്, കോൺഗ്രസ് പിന്തുണയുള്ള സർക്കാറുകളിലെ മുഖ്യമന്ത്രിമാരുടെയും സി.പി.എം ഭരിച്ച സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെയും പട്ടിക നിരത്തിയാണ് കോടിയേരിയുടെ ആരോപണത്തിന് രാഹുൽ മറുപടി നൽകുന്നത്. കൂടാതെ, കേരളം, പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പട്ടികയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോൺഗ്രസ് ഭരണത്തിൽ പിന്നാക്ക സമുദായാംഗങ്ങൾ മുഖ്യമന്ത്രിമാരായെങ്കിൽ, സി.പി.എം മുഖ്യമന്ത്രിമാരാക്കിയവരിൽ ഒരാൾ പോലും അഹിന്ദുക്കളില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു. അംബേദ്കർ വെറുതെയല്ല ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ 'ബ്രാഹ്മിൺ ബോയ്സ്' എന്ന് വിശേഷിപ്പിച്ചത്. ചരിത്രവും വർത്തമാനവുമൊക്കെ സി.പി.എമ്മിന് ഭൂതമാണ്. കോടിയേരി മിണ്ടാണ്ടിരിക്കുന്നതാണ് നല്ലതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
അൽപം ചരിത്രവും വർത്തമാനവും പറയാം..
കേരളത്തിലെ കോൺഗ്രസ് പിന്തുണയുള്ള സർക്കാരുകളിലെ മുഖ്യമന്ത്രിമാർ
1) പട്ടം താണുപിള്ള
2) ആർ. ശങ്കർ
3) സി. അച്യുതമേനോൻ
4) കെ കരുണാകരൻ
5) എ.കെ ആന്‍റണി
6) പി.കെ വാസുദേവൻ നായർ
7) സി.എച്ച് മുഹമ്മദ് കോയ
8.) ഉമ്മൻ ചാണ്ടി
കേരളം മാത്രമാണ് പറഞ്ഞത്.
ഇനി കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്തിമാർ
1) ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്
2) ഏറംപാല കൃഷ്ണൻ നായനാർ
3) വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ
4) പിണറായി വിജയൻ....
ങ്ങേ ! ഒറ്റ അഹിന്ദുക്കൾ പോലുമില്ലെ?
എന്നാൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ നോക്കാം......
വെസ്റ്റ് ബംഗാൾ
1) ജ്യോതി ബസു
2) ബുദ്ധദേബ് ഭട്ടാചാര്യ
രണ്ട് പേരും അവിടുത്തെ നമ്പൂതിരിപ്പാട് !
തൃപുര
1) നൃപൻ ചക്രബർത്തി
2) മണിക്ക് സർക്കാർ
ശെടാ! യോഗ ക്ഷേമ സഭയിൽ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ... വെറുതെയല്ല ബി.ആർ. അംബേദ്ക്കർ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ "ബ്രാഹ്മിൺ ബോയ്സ്" എന്ന് പറഞ്ഞത് .....
ബാലേട്ട ചരിത്രവും വർത്തമാനവുമൊക്കെ നിങ്ങൾക്ക് ഭൂതമാണ്.... സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്..
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് കോടിയേരി കോൺഗ്രസിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ലെന്നും രാജ്യം ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദ്യം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.