രാഹുൽ മാങ്കൂട്ടത്തിലും യു.ആർ. പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ യു.ആർ. പ്രദീപ് ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായാണ് നിയമസഭയിലെത്തുന്നത്. എന്നാൽ, യു.ആർ. പ്രദീപ് രണ്ടാം തവണയാണ്. മുൻപ് 2016ലാണ് ചേലക്കരയിൽ നിന്നാണ് സഭയിലെത്തുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ എം.എൽ.എ പദവിയിലെത്തിയ അപൂർവം നേതാക്കളുടെ പിൻമുറക്കാരാനായാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്നത്. നിലവിൽ പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രാഹുൽ. ഭരണപക്ഷത്തെ ഇളം മുറക്കാരൻ സച്ചിൽ ദേവാണ്. ദൈവ നാമത്തിലാണ് രാഹുൽ സത്യപ്രതിജ്ഞ ചെയ്തതത്.
പെരിങ്ങനാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റാകുമ്പോൾ രാഹുൽ മാങ്കൂട്ടത്തലിന് പ്രായം 17. 2017 ൽ കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടർന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണു ഷാഫി പറമ്പിലിന്റെ പിൻഗാമിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായത്. ചാനൽ ചർച്ചകളിലൂടെയാണു സംഘടനക്ക് പുറത്തുള്ളവർ അറിഞ്ഞു തുടങ്ങിയത്.
രാഹുലിന്റെ മുത്തച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് കെ.പി.സി.സി മുൻ അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള. രാഹുലിന് ആറുവയസുള്ളപ്പോൾ അച്ഛൻ രാജേന്ദ്രക്കുറുപ്പ് മരിച്ച ശേഷം അമ്മ ബീനയുടെ തണലിലാണു വളർന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഇപ്പോൾ എം.ജി. സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുന്നു.
പഠനകാലത്ത് എസ്.എഫ്.ഐ അംഗമായിരുന്ന യു.ആർ. പ്രദീപ് 1998ൽ ഡി.വൈ.എഫ്.െഎയിൽ. 2000 മുതൽ സി.പി.എം ഗം. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായും (2000–05) വൈസ് പ്രസിഡന്റായും (2005–10) ഭരണസമിതി അംഗമായും (2015–16) പ്രവർത്തിച്ചു.
2009 മുതൽ 2011 വരെ ദേശമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ്. പിന്നീട് ബാങ്ക് ഡയറക്ടറുമായി (2014–15). സി.പി.എം ശമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി (2010), ഏരിയ സെക്രട്ടറി, ചേലക്കര ഏരിയ കമ്മിറ്റി അംഗം (2012), പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
നിലവിൽ സി.പി.എം ദേശമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി, വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ ജില്ല കമ്മിറ്റി അംഗം, പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം. 2016ൽ ചേലക്കരയിൽ ആദ്യ നിയമസഭാ മത്സരത്തിൽതന്നെ വിജയം. 2021ലെ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു വേണ്ടി സീറ്റു വിട്ടു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.