കേരളത്തിലെ മത തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ നിലപാട് വ്യക്തമാക്കണം -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മിന് എതിരല്ല ജോഡോ യാത്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ സംസ്ഥാന സർക്കാരിന്‍റെ അഴിമതിയടക്കമുള്ള വിഷയങ്ങൾ യാത്രയിൽ ഉന്നയിക്കപ്പെടുന്നില്ല. എന്നാൽ, പോപ്പുലർ ഫ്രണ്ട് പോലുള്ള കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളോടുള്ള രാഹുലിന്‍റെ നിലപാടറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന് ചില പോക്കറ്റുകളിൽ സ്വാധീനമുള്ള മേഖലയാണ് ആലപ്പുഴ. എതിർക്കുന്നവരെ അവർ കൊല ചെയ്ത ജില്ലയാണ്. ജോഡോ യാത്ര ആലപ്പുഴയിൽ എത്തിയപ്പോൾ പോലും തീവ്രവാദത്തിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ രാഹുൽ തയാറായില്ല. ഒടുവിൽ നടന്ന തൃക്കാക്കര തെരഞ്ഞെടുപ്പിലടക്കം പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങിയ കോൺഗ്രസിന് അവരോട് നന്ദി കാട്ടാതിരിക്കാനാകില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തിൽ മുസ്ലീം മതഭീകരവാദ സംഘടനകൾ ക്രിസ്ത്യൻ പെൺകുട്ടികളെയും യുവാക്കളെയും ലൗ ജിഹാദിലും ലഹരി ജിഹാദിലും പെടുത്തി നശിപ്പിക്കുകയാണെന്ന് പറഞ്ഞത് പാലാ ബിഷപ്പും തലശ്ശേരി ബിഷപ്പുമാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ കന്യാകുമാരിയിലെ പാതിരിയെ സന്ദർശിച്ച രാഹുൽ, കേരളത്തിലെ അഭിവന്ദ്യരായ രണ്ട് ബിഷപ്പുമാർ പറഞ്ഞ ഗുരുതര വസ്തുതകളിൽ അഭിപ്രായം വ്യക്തമാക്കണം.
പോപ്പുലർ ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകളോട് രാഹുലിനും ജോഡോ യാത്രക്കുമുള്ളത് മൃദു സമീപനമാണ്. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ സഹായിച്ചതിലുള്ള പ്രത്യുപകാരമാണിതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.