രാഹുൽ ഒളിവിൽ പോയത് പൊലീസ് ഒത്താശയോടെയെന്ന്; ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
text_fieldsപറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ യുവതി ക്രൂരമർദനത്തിന് ഇരയായ സംഭവത്തിലെ പ്രതി രാഹുൽ ഒളിവിൽ പോയത് പൊലീസിന്റെ ഒത്താശയോടെയാണെന്നും ഇവർ കൂട്ടുനിന്നതുകൊണ്ടാവാം തുടക്കത്തിൽതന്നെ അറസ്റ്റ് ഒഴിവായതെന്നും വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സർക്കാർ ഇടപെടലിൽ സന്തോഷമുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കോഴിക്കോട് ഫറോക്ക് എ.സി.പി സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബുധനാഴ്ച വൈകീട്ടോടെ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
മനുഷ്യാവകാശ കമീഷനും വനിത കമീഷനും ഫോണിലൂടെയും വിവരങ്ങൾ ശേഖരിച്ചു. മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി രാഹുൽ കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദിച്ചെന്നും അലറിവിളിച്ച് കരഞ്ഞിട്ടും വീട്ടിലുള്ള രാഹുലിന്റെ അമ്മയും സഹോദരിയും കൂട്ടുകാരനും അറിഞ്ഞിട്ടും സഹായിക്കാനെത്തിയില്ലെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു.
തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തിട്ടുണ്ടെന്നും വീട്ടിൽ സ്ത്രീധനം സംബന്ധിച്ച് തർക്കമുണ്ടായിട്ടില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം കള്ളമാണെന്നും യുവതിയുടെ പിതാവ് പറഞ്ഞു. രാഹുലിനേക്കാൾ ക്രൂരയാണ് ഇയാളുടെ അമ്മയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ആഭരണത്തിന്റെ കാര്യത്തിൽ അമ്മയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായ ശേഷമാണ് യുവതിക്കുനേരെ രാഹുലിന്റെ മർദനമുണ്ടായത്. അമ്മയും രാഹുലും ഏറെനേരം മുറി അടച്ചിരുന്ന് നടത്തിയത് ഗൂഢാലോചനയാണ്. സംഭവത്തിൽ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണം.
രാഹുലിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും യുവതിയുടെ സൗകര്യം പരിഗണിച്ച് കേസിന്റെ തുടർ നടപടികൾ പറവൂരിലേക്ക് മാറ്റണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.
അടിച്ചതായി സമ്മതിച്ച് രാഹുലിെൻ അമ്മ
കോഴിക്കോട്: ഒരു ഫോൺകാൾ വന്നതിനെ ചൊല്ലിയാണ് മകനും മരുമകളും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുലിന്റെ അമ്മ ഉഷയുടെ വെളിപ്പെടുത്തൽ.
മരുമകളെ മര്‍ദിച്ചതായി മകന് പറഞ്ഞിട്ടുണ്ട്. ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ല. കൈകൊണ്ടാണ് അടിച്ചത്. മർദനമുണ്ടായ അന്ന് രാത്രി ഇരുവരും ഒരു കല്യാണത്തിനും അതിനുശേഷം ബീച്ചിലും പോയിരുന്നു. തിരിച്ചെത്തിയതിനുപിന്നാലെ ഒരു ഫോണ്‍കാള്‍ വന്നതിന്റെ പേരിലാണ് പ്രശ്നമുണ്ടായത്.
കാമുകന്റെ ഫോണ്‍കാള്‍ വന്നെന്നും അത് അവള് മറച്ചുവെച്ചെന്നുമാണ് മകന് പറഞ്ഞത്. ഇരുവരും തമ്മില്‍ മുമ്പ് ഒരു പ്രശ്നവുമില്ലായിരുന്നു. മകൻ മദ്യപിക്കാറുണ്ട്. അവളുടെ ദേഹത്ത് പാട് കണ്ടപ്പോള്‍ മകനോട് ചോദിച്ചപ്പോഴും ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. മര്‍ദിച്ചത് പൊലീസിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. മരുമകളോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. അവന്റെ പേരിൽ സ്വത്തുണ്ട്. ജര്‍മനിയില്‍ അവന് വലിയ ശമ്പളമുള്ള ജോലിയുണ്ട്. അവന് അവിടത്തെ പൗരനാണ്.
കോട്ടയത്ത് ഒരു പെൺകുട്ടിയുമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അവര്‍ വേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് ഒഴിവായത്. അത് മരുമകള്‍ക്ക് അറിയാം. രണ്ടാഴ്ചകൊണ്ടാണ് ഈ കല്യാണം നടത്തിയത്. അടുക്കള കാണലിന്റെ അന്ന് അവള് സ്വർണവും വസ്ത്രവുമെല്ലാം എടുത്താണ് പോയത്. ചൊവ്വാഴ്ച ഉച്ചവരെ രാഹുൽ വീട്ടിലുണ്ടായിരുന്നുവെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.