‘ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ തല കുനിക്കില്ല’; വയനാട്ടിലെ വോട്ടർമാർക്ക് രാഹുലിന്റെ കത്ത്
text_fieldsകൽപറ്റ: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും തലയുയര്‍ത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്നും വയനാട്ടിലെ വോട്ടർമാർക്ക് ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി എം.പിയുടെ കത്ത്. കത്തിന്റെ വയനാട് ലോക്സഭ മണ്ഡലംതല വിതരണ ഉദ്ഘാടനം കല്‍പറ്റ മാനിവയല്‍ കോളനിയില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു.
രാജ്യത്തിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങളെ പരാമര്‍ശിച്ചും മണ്ഡലത്തിലെ ജനങ്ങളോടുള്ള നന്ദി അറിയിച്ചുമാണ് വൈകാരിക വാക്കുകളുമായി രാഹുലിന്‍റെ കത്ത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോടൊപ്പം വയനാട്ടിലെ ജനത നല്‍കുന്ന വൈകാരികമായ പിന്തുണ തനിക്ക് ഏറെ കരുത്ത് പകരുന്നതായും കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയിലുടനീളം ഈ പിന്തുണ തന്റെ ചുവടുകള്‍ക്ക് ബലമേകിയെന്നും രാഹുല്‍ കത്തിൽ പറയുന്നു.
വയനാടിനെ ലോക്‌സഭയില്‍ പ്രതിനിധാനംചെയ്യുന്നുവെന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ഇക്കാലമത്രയും നിങ്ങളില്‍നിന്നു ലഭിച്ച സ്‌നേഹവും കരുതലും വാക്കുകളിലൊതുക്കാന്‍ കഴിയില്ലെന്നും എം.പിയെന്ന നിലയിലുള്ള പ്രവര്‍ത്തന കാലയളവിലുടനീളം നിങ്ങളുടെ പ്രതീക്ഷകളും പ്രയാസങ്ങളും മനസ്സിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയിളക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും സംഘടിതമായി ശ്രമിക്കുന്നത് എങ്ങനെയെന്നതിന്റെ സൂചനയാണ് തന്‍റെ അനുഭവമെന്നും താൻ ഉന്നയിച്ച അസുഖകരമായ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് മറുപടി ഇല്ലാത്തതാണ് അതിന് കാരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പോരാടേണ്ടത് ഓരോരുത്തരുടെയും കടമയാണ്. സാധാരണക്കാര്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റ് നിരവധി ജീവിത പ്രാരബ്ധങ്ങളുമായി പൊറുതിമുട്ടുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ സമ്പത്താകെ ധനാഢ്യന്മാരും ‘നിയമത്തിന് അതീതരുമായ’ തന്റെ സുഹൃത്തുക്കള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്.
ജനാധിപത്യത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും വേണ്ടിയാണ് നമ്മുടെ പോരാട്ടം. ഈ പോരാട്ടം തന്റേത് മാത്രമല്ല, നിങ്ങളുടേത് കൂടിയാണെന്നും രാഹുൽ കത്തിൽ പറയുന്നു. ഈസ്റ്റര്‍, വിഷു, ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ആശംസ കാര്‍ഡും കത്തിനൊപ്പം നല്‍കുന്നുണ്ട്. ഏപ്രിൽ 11ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നതിന് മുമ്പ് എല്ലാ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.