തൃശൂരിൽ സ്വർണാഭരണ ശാലകളിലെ പരിശോധന അവസാനിച്ചു; 104 കിലോ സ്വർണം പിടിച്ചെടുത്തു
text_fieldsതൃശൂർ: ജില്ലയിലെ 78 സ്വർണാഭരണ മൊത്തവ്യാപാര കേന്ദ്രങ്ങളിലും നിർമാണ ശാലകളിലും ഏതാനും ഷോറൂമുകളിലും ജി.എസ്.ടി ഇന്‍റലിജൻസ് വകുപ്പ് നടത്തിയ പരിശോധന അവസാനിച്ചു.
ബുധനാഴ്ച വൈകീട്ട് ആരംഭിച്ച പരിശോധന വ്യാഴാഴ്ച ഉച്ചക്കാണ് അവസാനിച്ചത്. രേഖകൾ ഇല്ലാതെ സൂക്ഷിച്ച 104 കിലോ സ്വർണം പിടിച്ചെടുത്തു. 3.40 കോടി രൂപ പിഴ ചുമത്തി. നികുതി വെട്ടിപ്പും ക്രമക്കേടും വ്യാപകമായി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. 700ഓളം ഉദ്യോഗസ്ഥരാണ് വൈകിട്ട് 4.30 മുതൽ ഒരേസമയം പരിശോധന തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ വ്യാപാര രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
അഞ്ചു വർഷത്തെ കച്ചവട രേഖകൾ പിടിച്ചെടുത്തു. വാങ്ങൽ, വിൽപനയിലാണ് ക്രമക്കേട് നടന്നത്. വിശദ പരിശോധനക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമീഷണർ ദിനേശ് കുമാർ അറിയിച്ചു.
ആറു മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ദൗത്യമെങ്കിലും പരിശോധന ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് വരെ റെയ്ഡിനെ കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നില്ല. പരിശീലന ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 700ഓളം വരുന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. തൃശൂരിൽ എത്തിയ ശേഷം ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസിൽ വിനോദ സഞ്ചാര ബാനർ കെട്ടി. പിന്നീടാണ് കേരളത്തിലെ ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡിനാണ് പുറപ്പെടുന്നതെന്ന് അറിയിക്കുന്നത്.
78 കേന്ദ്രങ്ങളിൽ ഒരേ സമയം ഉദ്യോഗസ്ഥർ കയറി പരിശോധന തുടങ്ങി. സ്റ്റോക്ക് രജിസ്റ്ററിൽ ഉള്ളതിനേക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്തു. കടകൾക്ക് പുറമേ വ്യാപാരികളുടെ വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലുമായുരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.