ചെക്പോസ്റ്റുകളിൽ വീണ്ടും റെയ്ഡ്
text_fieldsമോട്ടോര്‍ വാഹന ചെക് പോസ്റ്റുകളില്‍ വിജിലന്‍സ്
നടത്തിയ പരിശോധന
പാലക്കാട്: മോട്ടോര്‍ വാഹന ചെക് പോസ്റ്റുകളില്‍ വീണ്ടും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഡ്രൈവര്‍മാരില്‍നിന്ന് ഉദ്യോഗസ്ഥര്‍ അനധികൃതമായി കൈപ്പറ്റിയ 1,61,060 രൂപ കണ്ടെടുത്തു. അഞ്ചു മണിക്കൂറിനുള്ളിലാണ് കൈക്കൂലി ഇനത്തില്‍ ഇത്രയും തുക ലഭിച്ചത്. ബുധനാഴ്ച രാത്രി 9.15 മുതല്‍ പുലർച്ച മൂന്നു വരെയാണ് വാളയാര്‍, വേലന്താവളം എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. 21 വിജിലന്‍സ് ഉദ്യോഗസ്ഥരും മൂന്നു ഗസറ്റഡ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘം മൂന്നു ടീമായി വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം ചെക്പോസ്റ്റുകളിലാണ് പരിശോധന നടത്തിയത്. വാളയാര്‍ ഔട്ട് ചെക് പോസ്റ്റില്‍ എ.എം.വി.ഐ അമല്‍ ടോമിന്റെ പക്കല്‍നിന്ന് കണക്കില്‍പെടാത്ത 41,000 രൂപയടക്കം 80,700 രൂപയാണ് പിടിച്ചെടുത്തത്.
വാളയാര്‍ ഇന്‍ മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ നിന്ന് 7156 രൂപയും വേലന്താവളത്തുനിന്ന് 8800 രൂപയും പിടിച്ചെടുത്തു. വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ എം.വി.ഐ അടക്കം അഞ്ച് ഉദ്യോഗസ്ഥരും മറ്റ് ചെക്പോസ്റ്റുകളില്‍ എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഈ മാസം മൂന്നാമത്തെ വിജിലന്‍സ് പരിശോധനയാണിത്. മുമ്പ് നടന്ന രണ്ടു പരിശോധനകളില്നിന്നായി 3,26,980 രൂപ പിടിച്ചെടുത്തിരുന്നു. ഡ്രൈവര്‍മാരില്‍നിന്നും വാഹനവുമായി എത്തുന്നവരില്‍നിന്നും പണം സ്വീകരിച്ച് പരിശോധന കൂടാതെ കടത്തിവിടുകയാണ് ചെക്പോസ്റ്റുകളില്‍. കഴിഞ്ഞ തവണ കണക്കില്‍പെടാത്ത പണം കൈവശംവെച്ചതിന് പിടികൂടിയ അതേ ഉദ്യോഗസ്ഥരാണ് ഇത്തവണ പരിശോധന നടക്കുമ്പോഴും ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയില്ലാത്തതാണ് പണപ്പിരിവ് തുടരാൻ കാരണം. പണം കൃത്യമായ ഇടവേളകളില്‍ ചെക്പോസ്റ്റില്‍നിന്ന് കൊണ്ടുപോകാൻ ഇടനിലക്കാരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇടനിലക്കാരെത്തുംമുമ്പ് വിജിലന്‍സ് ചെക്പോസ്റ്റിലെത്തിയതോടെയാണ് എ.എം.വി.ഐയില്നിന്നടക്കം പണം പിടികൂടാനായത്.
എറണാകുളം റേഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എ. തോമസ്, പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. ഷംസുദ്ദീന്, പൊലീസ് ഇന്‍സ്പെക്ടര്‍മാരായ. ഷിജു എബ്രഹാം, അരുണ്‍ പ്രസാദ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ ശാന്തകുമാര്‍, രാഹുല്‍ രാജ്, കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട്, എറണാകുളം വിജിലൻസ് യൂനിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.