എയിംസിൽ ചികിത്സ നൽകാതെ കാപ്പനെ ജയിലിലേക്ക് മടക്കി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി വിധി അവഗണിച്ച്, കോവിഡ് രോഗിയായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സ നൽകാതെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് (എയിംസ്) തിരിച്ചുകൊണ്ടുപോയി. ഒരു മുന്നറിയിപ്പും കൂടാതെ വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ കാപ്പനെ ഡിസ്ചാർജാക്കി മഥുര ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു. എയിംസിലെ വിദഗ്ധ ചികിത്സ ആരംഭിക്കുന്നതിനു മുമ്പാണ് പ്രാഥമിക ശുശ്രൂഷകൾ മാത്രം നൽകി സുപ്രീംകോടതിയെ കബളിപ്പിച്ച് ജയിലിലേക്ക് കൊണ്ടുപോയത്.
സാധാരണ ഗതിയിൽ വിദഗ്ധ ചികിത്സക്കാണ് എയിംസിൽ പ്രവേശിപ്പിക്കാറുള്ളതെങ്കിലും കാപ്പെൻറ കാര്യത്തിൽ ഒരു തരത്തിലുള്ള ചികിത്സയും തുടങ്ങിയിരുന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽനിന്ന് 'മാധ്യമ'ത്തിന് ലഭിച്ച വിവരം. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മഥുര ജയിലിൽനിന്ന് കോവിഡ് നെഗറ്റിവ് റിപ്പോർട്ടുമായാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ എയിംസിലെത്തിച്ചത്. എന്നാൽ, എയിംസിൽ പരിശോധന നടത്തിയപ്പോൾ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തി. തുടർന്ന് ആദ്യം കിടത്തിയ സ്ഥലത്തുനിന്ന് കോവിഡ് രോഗികൾക്കുള്ള െമയിൻ ബ്ലോക്കിലെ ഡി -രണ്ട് വാർഡിലേക്ക് കാപ്പനെ കൊണ്ടുവന്നു. അവിടെയും വിദഗ്ധ ചികിത്സ തുടങ്ങാൻ തയാറായില്ല. പകരം വിറ്റമിൻ ഗുളികകൾ മാത്രമാണ് നൽകിയത്. പൊലീസ് കാവലിൽ കോവിഡ് വാർഡിൽ കിടത്തിയ കാപ്പനോട് ആശുപത്രി സ്റ്റാഫിെൻറ ഇടപഴകൽപോലും കർശന നിരീക്ഷണത്തിലായിരുന്നു. കാപ്പനെ കാണാൻ ഡൽഹിയിലെത്തിയ ഭാര്യ റൈഹാന അടക്കം ആരെയും അനുവദിച്ചില്ല. തുടർന്ന് അനുമതിക്കായി കോടതിയെ സമീപിക്കുന്നതിനിടയിലാണ് കോവിഡ് പോസിറ്റിവായിട്ടും ചികിത്സപോലും തുടങ്ങുംമുേമ്പ ജയിലിേലക്ക് തന്നെ മാറ്റിയത്.
വ്യാഴാഴ്ച രാത്രി ഏഴിന് എയിംസിൽനിന്ന് ഡിസ്ചാർജ് ചെയ്യിച്ച കാപ്പനെ വെള്ളിയാഴ്ച പുലർച്ച രണ്ടരക്ക് ജയിലിലെത്തിച്ചെന്ന് സൂപ്രണ്ട് സ്ഥിരീകരിച്ചു. മേയ് ഒന്നിന് മൂത്തമകനുമായി ഡൽഹിയിലെത്തിയ റൈഹാനയോട് ഏത് വാർഡിലാണ് കാപ്പൻ എന്നുപോലും അറിയിച്ചിരുന്നില്ല. ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയത് എങ്ങോട്ടാണെന്ന് എയിംസ് കോവിഡ് വാർഡിലുള്ളവർക്കും ധാരണയില്ലായിരുന്നു. കാപ്പെന എയിംസിൽനിന്ന് വീണ്ടും മഥുര ജയിലിലേക്ക് രഹസ്യമായി മാറ്റിയത് നിയമവിരുദ്ധവും നിന്ദ്യവുമാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ വിൽസ് മാത്യു കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.