അനുമതി കിട്ടിയിട്ടും തുടങ്ങാത്ത പ്രവൃത്തികൾ റെയിൽവേ മരവിപ്പിക്കുന്നു
text_fieldsതൃശൂർ: 2019 -’20 സാമ്പത്തിക വർഷത്തിലോ അതിന് മുമ്പോ അനുമതി കിട്ടിയിട്ടും ഇതുവരെ ഒരു പ്രവർത്തനവും തുടങ്ങാത്ത പദ്ധതികൾ ഒഴിവാക്കാനൊരുങ്ങി റെയിൽവേ. ദക്ഷിണ റെയിൽവേക്ക് കീഴിൽ ഇത്തരത്തിലുള്ള 155 പദ്ധതികളാണ് ഒരു പുരോഗതിയുമില്ലാതെ കിടക്കുന്നത്.
ഇതിന്റെ കാരണം പരിശോധിക്കണമെന്നും ഈ പദ്ധതികൾ തുടരണമെങ്കിൽ ഇത്രയേറെ വൈകിയതിന് ന്യായമായ കാരണം അറിയിക്കണമെന്നും നിർമാണ വിഭാഗത്തോടും ഡിവിഷനുകളോടും ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടു. പ്രധാനമായും മേൽപാലങ്ങളും അടിപ്പാതകളുമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ഡിവിഷനിൽ എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ വടുതല, അങ്കമാലി യാർഡ്, കല്ലേറ്റുങ്കര പള്ളി, ആലത്തൂർ വേലൻകുട്ടി, നെല്ലായി, നന്തിക്കര, പുതുക്കാട്, തൈക്കാട്ടുശ്ശേരി, ഒല്ലൂർ യാർഡ്, തിരൂർ വേലുക്കുട്ടി, പൈങ്കുളം എന്നിവിടങ്ങളിലെ മേൽപാലങ്ങളോ അടിപ്പാതകളോ ഇക്കൂട്ടത്തിലുണ്ട്. ഇനി പുതിയ റെയിൽ പാതകൾ നിർമിക്കുമ്പോൾ ലെവൽ ക്രോസുകൾ ഒഴിവാക്കണമെന്നും അത്തരം ഇടങ്ങളിൽ മേൽപാലങ്ങളോ അടിപ്പാതകളോ പദ്ധതിയുടെ ഭാഗമായിത്തന്നെ വിശദ പദ്ധതി രേഖയിൽ ഉൾപ്പെടുത്തണമെന്നുമുള്ള പുതിയ നയരേഖ റെയിൽവേ ഈയിടെ പുറത്തിറക്കിയിരുന്നു.
അതോടൊപ്പം, നിലവിലുള്ള ലെവൽ ക്രോസുകളിൽ വാഹന ഗതാഗതം കൂടുതലാണെങ്കിൽ അവിടെ പൂർണമായും റെയിൽവേയുടെ ചെലവിൽ മേൽപാലങ്ങളോ അടിപ്പാതകളോ നിർമിച്ച് ലെവൽ ക്രോസുകൾ പരമാവധി ഒഴിവാക്കണമെന്നും തീരുമാനമുണ്ട്.
അതേസമയം, ഈ തീരുമാനങ്ങൾ പ്രധാനപ്പെട്ട പദ്ധതികൾ മരവിപ്പിക്കുന്നതിന് ന്യായീകരണമല്ലെന്നും ഇതിൽ പലതിന്റെയും രൂപരേഖകൾക്ക് നിർദിഷ്ട മൂന്നും നാലും പാതകളുടെ പേരിൽ റെയിൽവേയുടെ സാങ്കേതികാനുമതി ലഭിക്കാത്തതാണ് വൈകാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രാഥമിക അനുമതി കിട്ടിയ എല്ലാ മേൽപാലങ്ങളും അടിപ്പാതകളും തടസ്സം തീർത്ത് എത്രയുംവേഗം പൂർത്തിയാക്കാൻ ജനപ്രതിനിധികളും സംസ്ഥാന സർക്കാറും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.