റെയിൽവേ: സബ്സിഡി വെട്ടാൻ നീക്കം
text_fieldsതിരുവനന്തപുരം: പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് യാത്രാ സബ്സിഡി പുനഃപരിശോധിക്കാൻ റെയിൽവേ. ഇതോടെ, ടിക്കറ്റ് നിരക്ക് ഉയരാനുള്ള സാഹചര്യത്തിന് കളമൊരുങ്ങുന്നു. നിലവിൽ ആകെ ടിക്കറ്റ് നിരക്കിന്റെ 47 ശതമാനമാണ് സബ്സിഡിയായി റെയിൽവേ വഹിക്കുന്നത്.
യാത്രക്കാരിൽനിന്ന് ഈടാക്കുന്നത് ശേഷിക്കുന്ന 53 ശതമാനവും. ഇത്തരം സാമൂഹികബാധ്യതകൾ കനത്ത ഭാരമാകുന്നുവെന്ന വിലയിരുത്തലിലാണ് സബ്സിഡി നിരക്കുകളിലെ പുനഃപരിശോധനക്ക് റെയിൽവേ തയാറെടുക്കുന്നത്. സബ്സിഡിയിൽ കുറവ് വരുത്തിയാൽ അത് പ്രതിഫലിക്കുക ടിക്കറ്റ് നിരക്കിലാകും.
2022-23 സാമ്പത്തിക വർഷത്തെ റെയിൽവേയുടെ സാമൂഹിക സേവന ബാധ്യത 40,190 കോടി രൂപയാണെന്നും ലാഭകരമല്ലാത്ത പ്രവർത്തനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ഡിസംബർ ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് റെയിൽവേ പിടിവള്ളിയാക്കുന്നതും.
സബ്സിഡി അനുവദിക്കുന്നെന്ന് അവകാശപ്പെടുമ്പോൾ തന്നെ സ്പെഷൽ-ഫ്ലക്സി ഫെയറിലും തത്ക്കാൽ നിരക്കിലും യാത്രക്കാരെ റെയിൽവേ പിഴിയുകയാണ്. ഇതിനൊപ്പം സബ്സിഡി കൂടി വെട്ടിക്കുറച്ചാൽ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും.
ഏതാനും വർഷങ്ങളായി റെയിൽവേ ടിക്കറ്റുകളിൽ ചാർജിനൊപ്പം ആകെ യാത്രാച്ചെലവും സർക്കാർ വഹിക്കുന്ന സബ്സിഡി നിരക്കും കൂടി രേഖപ്പെടുത്തുന്നുണ്ട്. ഓരോ റെയിൽവേ യാത്രക്കാരനും സർക്കാർ ചെലവഴിക്കുന്ന തുകയും ഇതുവഴിയുള്ള ‘ഭാര’വും വ്യക്തമാക്കുകയാണ് ലക്ഷ്യം. നിരക്കുവർധനക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് റെയിൽവേയുടെ നീക്കമെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു.
അതേസമയം, യാത്രക്കാർക്കുള്ള സബ്സിഡിയുൾപ്പെടെ നൽകുക വഴി നഷ്ടം പരിഹരിക്കുന്നത് ചരക്കുനീക്കത്തിലെ ക്രോസ് സബ്സിഡിയിലൂടെയാണെന്നാണ് റെയിൽവേ വാദം. ടിക്കറ്റ് ഇനത്തിലെ നഷ്ടത്തിന് പുറമെ, പാർസൽ ചാർജ്, ലഗേജ്, തപാൽ, കാറ്ററിങ് സേവനങ്ങൾ, സബർബെൻ സേവനങ്ങൾ എന്നിവയും നഷ്ടമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇതടക്കം നഷ്ടങ്ങൾ കുറക്കുന്നതിന് റെയിൽവേ സമഗ്ര പുനഃപരിശോധന നടത്തണമെന്ന ശിപാർശ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവെച്ചിരുന്നു.
ടിക്കറ്റ് വരുമാന വർധന 57 ശതമാനം
നഷ്ടമെന്ന് റെയിൽവേ ആവർത്തിക്കുമ്പോഴും മുൻവർഷത്തെ അപേക്ഷിച്ച് 73 ശതമാനം വർധനയാണ് ടിക്കറ്റ് വരുമാനത്തിലുണ്ടായത്. മുൻ വർഷം 31,634 കോടി രൂപയായിരുന്ന വരുമാനം കഴിഞ്ഞവർഷം 54733 കോടിയായാണ് ഉയർന്നത്. യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന കാണുന്നില്ലെങ്കിലും വരുമാനത്തിൽ വർധനയുണ്ടായി.
യാത്രാച്ചെലവ് കൂടിയെന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്. 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെയുള്ള കണക്കനുസരിച്ച് റിസർവ് ചെയ്ത യാത്രക്കാരിൽനിന്ന് കിട്ടിയ വരുമാനം 42945 കോടിയാണ്. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ കിട്ടിയത് 29,945 കോടിയും.
തിരക്കിനനുസരിച്ച് ഉയർന്ന ഫ്ലക്സി നിരക്കിലെ ട്രെയിനുകളിലൂടെ 2019 മുതൽ 2022 ഒക്ടോബർ വരെ റെയിൽവേയുടെ അക്കൗണ്ടിലെത്തിയത് 2442 കോടിയാണ്. മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവുകൾ അവസാനിപ്പിച്ചതിലൂടെ കഴിഞ്ഞ നാലുവർഷത്തിനിടെ, റെയിൽവേയുടെ ലാഭം 5800 കോടിയാണ്. കോവിഡിന്റെ മറവിൽ മുതിർന്ന പൗരന്മാരുടേതുൾപ്പെടെ 53 ഇനം ഇളവുകളാണ് വെട്ടിക്കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.