റെയിൽവേ തസ്തികകളിൽ 'കടുംവെട്ട്'; തിരുവനന്തപുരത്തും പാലക്കാടുമടക്കം 155 ഓളം സുപ്രധാന തസ്തിക കുറക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമം ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ഗുരുതരമായി ബാധിക്കുന്നതിനിടെ തസ്തികകൾ വെട്ടിക്കുറക്കാനാവശ്യപ്പെട്ട് ഡിവിഷനുകൾക്ക് ദക്ഷിണ റെയിൽവേ സർക്കുലർ. തിരുവനന്തപുരത്തും പാലക്കാടുമടക്കം 155 ഓളം സുപ്രധാന തസ്തിക കുറക്കാനാണ് തീരുമാനം.
തിരുവനന്തപുരം ഡിവിഷനിൽ മാത്രം ആയിരത്തിലേറെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴാണ് കടുത്ത നടപടി. ദക്ഷിണ റെയിൽവേയിൽ ഇത്തരത്തിൽ 940 തസ്തികയാണ് ഇല്ലാതാക്കുന്നത്. വരുംവർഷങ്ങളിലും ഇത് തുടരുമെന്നാണ് വിവരം.
സ്ഥിരം നിയമനങ്ങൾ ഒഴിവാക്കി കരാർ നിയമനങ്ങൾ വ്യാപകമാക്കാനാണ് റെയിൽവേ നീക്കം. ഏറ്റവുമൊടുവിൽ ട്രെയിനുകളിലെ എ.സി അറ്റകുറ്റപ്പണിക്കുള്ള ചുമതലയാണ് കരാറുകാരെ ഏൽപ്പിച്ചത്.
ഓരോ ട്രെയിനും കരാർ ഉറപ്പിച്ച് കൈമാറുകയാണ്. ദൈനംദിനമല്ലാത്ത ട്രാക്ക് നവീകരണ ജോലികൾക്കും കരാറാണ്. മറ്റ് ഒഴിവുകളിൽ ഒരു വർഷത്തേക്കും രണ്ട് വർഷത്തേക്കും 'ഫിക്സഡ് ടേം എംപ്ലോയ്മെന്റ്' എന്ന പേരിലും കരാർ നിയമനം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ ബോർഡ് അനുമതി ആവശ്യമില്ലാതെ ഡിവിഷനൽ റെയിൽവേ മാനേജർക്ക് നിയമനാധികാരം നൽകുന്നതാണ് ഫിക്സഡ് ടേം എംപ്ലോയ്മെന്റ്. മിക്ക ലെവൽ ക്രോസുകളിലും ഇത്തരം നിയമനം തുടങ്ങിക്കഴിഞ്ഞു.
ലോക്കോ പൈലറ്റുമാരുടെയടക്കം ക്ഷാമം സർവിസുകളെ ബാധിക്കും വിധത്തിൽ രൂക്ഷമായിട്ടും നിയമനകാര്യത്തിൽ റെയിൽവേക്ക് തണുപ്പൻ സമീപനമാണ്. ദക്ഷിണ റെയിൽവേയിൽ ആകെ 570 ലോക്കോ പൈലറ്റ് ഒഴിവാണുള്ളത്. 2015 ലാണ് ഒടുവിൽ നിയമനം നടന്നത്.
2019 ൽ പുതിയ നിയമന വിജ്ഞാപനമിറങ്ങിയെങ്കിലും കോവിഡിന്റെ പേരിൽ നടപടി ഇഴഞ്ഞുനീങ്ങുകയാണ്. ഇക്കാലയളവിൽ ചരക്കുവണ്ടികളുടെ എണ്ണം കൂടിയെങ്കിലും അതിനനുസരിച്ച് ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണവും വർധിച്ചിട്ടില്ല.
തിരുവനന്തപുരം, പാലക്കാട്, മധുര, ചെന്നൈ, സേലം ഡിവിഷനുകളിലാണ് ലോക്കോ പൈലറ്റ് ക്ഷാമം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ലോക്കോ പൈലറ്റ് നിയമനത്തിനുള്ള രണ്ടാം ഘട്ട പരീക്ഷ ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് പ്രഖ്യപിച്ചതെങ്കിലും ഒന്നാം ഘട്ടം നിയമനം പോലും പൂർത്തിയാക്കിയിട്ടില്ല. അധിക ജോലിയുടെ കടുത്ത സമ്മർദത്തിലാണ് നിലവിലെ ലോക്കോ പൈലറ്റുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.