റെയിൽവേഗേറ്റ് അടക്കാത്ത സംഭവം: സിഗ്നൽ സ്റ്റാഫിന് സസ്പെൻഷൻ; എതിർപ്പുമായി സി.ഐ.ടി.യു
text_fieldsഓച്ചിറ: തിങ്കളാഴ്ച രാത്രി ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് കടന്നുവരുമ്പോൾ ഓച്ചിറ റെയിൽവേ സ്റ്റേഷന് വടക്കുള്ള റെയിൽവേ ഗേറ്റ് തുറന്നുകിടന്നതുമായി ബന്ധപ്പെട്ട് സിഗ്നൽ സ്റ്റാഫ് ഷിബു വർഗീസിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഡിവിഷനൽ മാനേജറുടെ നേതൃത്വത്തിൽ ഓച്ചിറയിൽ പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. എതിർപ്പുമായി ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) രംഗത്തെത്തി.
ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ മൂലം സുരക്ഷാപാളിച്ച ഉണ്ടാകുമ്പോൾ, ഉപകരണങ്ങൾ നിർമിച്ച കമ്പനികൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം തൊഴിലാളികളെ ശിക്ഷിക്കുന്ന നീക്കം അവസാനിപ്പിക്കണമെന്നും നടപടി പിൻവലിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു.
ഗേറ്റ് അടച്ച ശേഷം കീപ്പർ ആർ.കെ.ടി എന്ന ഉപകരണത്തിൽ താക്കോലിടുകയും വലത്തേക്ക് തിരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഗേറ്റ് സുരക്ഷിതമായി അടച്ചെന്ന വിവരം കേബ്ൾ വഴി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലെത്തുന്നത്. ഈ ഉപകരണത്തിന് കേടുപാട് സംഭവിക്കുകയും ഗേറ്റ് തുറന്നിരിക്കെ അടഞ്ഞെന്ന തെറ്റായ സന്ദേശം സ്റ്റേഷൻ മാസ്റ്റർക്ക് ലഭിക്കുകയുമായിരുന്നു. തുടർന്നാണ് ഗേറ്റ് തുറന്നിരിക്കെ രാജധാനി കടന്നുപോയത്. ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മ സംബന്ധിച്ച് തൊഴിലാളികൾ അറിയിക്കുന്നുണ്ടെങ്കിലും കമ്പനികൾക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് യൂനിയൻ ഡിവിഷനൽ സെക്രട്ടറി കെ.എം. അനിൽകുമാർ, പ്രസിഡന്‍റ് വി.എൽ. സിബി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.