റെയിൽവേ ജോലി തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsതിരുവമ്പാടി: റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് ജനീഷിനെയാണ് (39) തിരുവമ്പാടി എസ്.ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി മലപ്പുറം എടപ്പാൾ വട്ടക്കുളം കാവുംപ്ര സ്വദേശി അശ്വതി വാര്യർ, മുക്കം വല്ലാത്തായ് പ്പാറ സ്വദേശി എം.കെ. ഷിജു, സഹോദരൻ ഷിജിൻ, എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെ ഒരാഴ്ച മുമ്പ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോവിഡ് ലോക്ഡൗൺ കാലത്ത് വർക്ക് ഫ്രം ഹോം രീതിയിൽ നിയമനം നൽകിയായിരുന്നു തട്ടിപ്പ്. തീവണ്ടി സമയം രേഖപ്പെടുത്തി ഓൺലൈനായി സമർപ്പിക്കുകയെന്നതായിരുന്നു 'തൊഴിൽ'. പ്രതിമാസം 35,000 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. തുടർച്ചയായി ഏഴ് മാസം 35,000 രൂപ വീതം വേതനം ലഭിച്ചതോടെ പലർക്കും വിശ്വാസമായി. ഗൂഗ്ൾ പേ വഴി ലഭിച്ചിരുന്ന ശമ്പളം ഏഴ് മാസത്തിന് ശേഷം നിലച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഇരകളായ ചില ഉദ്യോഗാർഥികൾ പരാതിയുമായെത്തിയെങ്കിലും സംഭവത്തിൽ കേസെടുക്കാൻ ആദ്യം പൊലീസ് മടിച്ചിരുന്നു. തൊഴിൽ തട്ടിപ്പിനിരയായ പലരും ഇപ്പോഴും രംഗത്തു വന്നിട്ടില്ല. 400 ഓളം പേർക്ക് പണം നഷ്ടമായതായാണ് സൂചന. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി പേർ തട്ടിപ്പിനിരകളായിട്ടുണ്ട്. പ്രതികളിലൊരാളായ മുക്കം വല്ലത്തായ്പാറ സ്വദേശി എം.കെ. ഷിജു ബി.ജെ.പി പ്രാദേശിക നേതാവായിരുന്നു. തട്ടിപ്പ് സംബന്ധിച്ച വാർത്തയെ തുടർന്ന് ഇയാളെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ബി.ജെ.പി പ്രവർത്തകരും അനുഭാവികളുമാണ് കൂടുതലും തട്ടിപ്പിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.