യാത്രക്കാർക്ക് സൗജന്യ ഇൻഷുറൻസ് റെയിൽവേ നിർത്തി
text_fieldsതിരുവനന്തപുരം: യാത്രക്കാർക്ക് റെയിൽവേ നൽകിവന്നിരുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കി. െഎ.ആർ.സി.ടി.സി വെബ്സൈറ്റ് മുഖേന ടിക്കറ്റെടുക്കുന്നവർക്ക് നൽകിവന്നിരുന്ന പരിരക്ഷയാണ് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ സെപ്റ്റംബർ ഒന്ന് മുതൽ അവസാനിപ്പിച്ചത്. നോട്ട് നിരോധനത്തെ തുടർന്ന് ഡിജിറ്റൽ പണമിടപാട് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 2017 ഡിസംബർ മുതലാണ് സൗജന്യ നിരക്കിൽ ഇൻഷുറൻസ് തുടങ്ങിയത്.
യാത്രക്കിടയിലെ അപകടങ്ങളിൽ മരിക്കുന്നവർക്ക് പരമാവധി 10 ലക്ഷം രൂപവരെയും അംഗവൈകല്യമുണ്ടായാൽ 7.5 ലക്ഷം രൂപവരെയും പരിക്കിന് രണ്ട് ലക്ഷവും മറ്റു കഷ്ടനഷ്ടങ്ങൾക്ക് 10,000 രൂപയും വ്യവസ്ഥ ചെയ്തിരുന്നതാണ്. സൗജന്യസൗകര്യം നിർത്തലാക്കിയെങ്കിലും താൽപര്യമുള്ളവർക്ക് ഒാൺലൈൻ ബുക്കിങ് വേളയിൽ ഇനിയും ഇൻഷുറൻസ് പരിരക്ഷ തെരഞ്ഞെടുക്കാം. പക്ഷേ, അതിന് പ്രത്യേക തുക നൽകേണ്ടിവരും. സ്വകാര്യ ഇൻഷുറൻസ് ഏജൻസികൾ വഴിയാണ് പരിരരക്ഷ ഉറപ്പുവരുത്തുന്നത്.
സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണമുന്നയിച്ച് മുതിർന്ന പൗരന്മാരുടേതുൾപ്പെടെ 53 ഇനം ഇളവുകൾ വെട്ടിക്കുറച്ചത് സമീപകാലത്താണ്. അവധിക്കാലങ്ങളിൽ തിരക്ക് പരിഹരിക്കുന്നതിന് നടത്തിയിരുന്ന സ്പെഷൽ സർവിസുകൾ നിർത്തലാക്കി പകരം നാലിരട്ടി നിരക്ക് ഈടാക്കുന്ന സുവിധ സ്പെഷലുകളിലൂടെ യാത്രക്കാരെ പിഴിയുകയാണ്. മൊത്തം ടിക്കറ്റുകളെ 20 ശതമാനം വീതമുള്ള അഞ്ചു ബ്ലോക്കുകളായി തിരിച്ചാണ് സുവിധയിൽ ചാർജ് ഇൗടാക്കുന്നത്.
ബുക്കിങ് ഒാരോ 20 ശതമാനം സീറ്റ് പിന്നിടുന്തോറും ചാർജ് കുതിച്ചുയരുമെന്നതാണ് യാത്രക്കാരുടെ കൈപൊള്ളിക്കുന്നത്. റെയിൽവേ പുനരുദ്ധാരണത്തിനായി നിയോഗിച്ച ബിവേക് ദേബ്രായി കമ്മിറ്റി റിപ്പോർട്ടിെൻറ ചുവടുപിടിച്ച് സേവനങ്ങളും സൗജന്യങ്ങളും വെട്ടിക്കുറക്കുന്നതിെൻറ ഭാഗമായി സ്ലീപ്പർകോച്ചിലെ കുട്ടികളുടെ യാത്രാസൗജന്യവും നിർത്തലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.