മലബാറിനോടുള്ള റെയിൽവേ അവഗണനക്കെതിരെ പ്രതിഷേധമിരമ്പി
text_fieldsകോഴിക്കോട്: കേരളത്തോടുള്ള റെയില്‍വേ അധികാരികളുടെ നിലപാട് മാറ്റണമെന്നും മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് ആവശ്യപ്പെട്ടു. കേരളത്തിലേക്കുള്ള റെയില്‍വേയുടെ പദ്ധതികൾ പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണെന്നും ഇക്കാര്യത്തില്‍ എം.പിമാര്‍ പോലും കബളിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലബാറിനോടുള്ള റെയില്‍വേയുടെ നിരന്തരമായ അവഗണന അവസാനിപ്പിക്കണമെന്നും നിർത്തലാക്കിയ ഷൊര്‍ണൂര്‍ - കോഴിക്കോട് പാസഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ കോഴിക്കോട്ട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ നൂറു കണക്കിന് സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ പങ്കെടുത്തു. സംഗമത്തിലെ വൻ വനിതാ പങ്കാളിത്തം അവർ അനുഭവിക്കുന്ന യാത്രാ ക്ലേശം വിളിച്ചോതുന്നതായിരുന്നു.
ഷൊര്‍ണൂര്‍ - കോഴിക്കോട് പാസ്സഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയത് മൂലം മലബാറിലെ സ്ഥിരം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പ്രതിഷേധക്കാർ അക്കമിട്ട് നിരത്തി. വന്ദേ ഭാരത് തളച്ചിടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിലെ യാത്രക്കാരുടെ ദുരിത യാത്രക്ക് പരിഹാരംകാണുക, 06459 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ പാസ്സഞ്ചർ കോഴിക്കോട്ടേക്ക് നീട്ടണം, സീനിയര്‍ സിറ്റിസന്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം, 06031 വണ്ടിയുടെ ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന സമയമാറ്റം പിൻവലിക്കണം, സ്ത്രീ യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് രണ്ട് ലേഡീസ് ഒൺലി ഫുൾ കോച്ചുകൾ അനുവദിക്കണം, അശാസ്ത്രീയമായ ട്രെയിന്‍ സമയക്രമം കാലോചിതമായി പരിഷ്കരിക്കണം, വന്ദേഭാരതിനും മറ്റു ദീർഘ ദൂര വണ്ടികള്‍ക്കും വേണ്ടി പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കുക, റെയില്‍വേ സ്റ്റേഷനില്‍ വർധിച്ചു വരുന്ന നായ ശല്യം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാർ ഉന്നയിച്ചു.
പ്രസിഡന്റ് കെ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ വള്ളിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഫിറോസ് കാപ്പാട്, ഓർഗനൈസിങ് സെക്രട്ടറി രാമനാഥൻ വേങ്ങേരി, സുജ മഞ്ഞോളി, കെ.കെ. റസാഖ് ഹാജി തിരൂർ, മുഹ്സിൻ ഷാരോണ്‍, അഷ്റഫ് അരിയല്ലൂര്‍, മുനീര്‍ മാസ്റ്റര്‍ കുറ്റിപ്പുറം, പ്രമോദ് പന്നിയങ്കര, രതീഷ് ചെറൂപ്പ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ഷീന കടലുണ്ടി, ഫസലുർറഹ്മാൻ തിരൂർ, സത്യനാഥന്‍ ചേവായൂര്‍, സർജിത് കോട്ടൂളി, സജ്ന ഫറോക്ക്, ജസ്വന്ത് കുമാര്‍ ചേവായൂര്‍, നിഷ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.