റെയിൽവേ പദ്ധതികൾ: പണം നൽകിയിട്ടും ഭൂമി ഏറ്റെടുക്കുന്നതിൽ മെല്ലെപ്പോക്ക്
text_fieldsതിരുവനന്തപുരം: റെയിൽവേ പദ്ധതിക്കായി ഭൂമിയേറ്റെടുത്തുനൽകുന്നതിൽ സംസ്ഥാനം മെല്ലപ്പോക്ക് കാട്ടുന്നുവെന്നാരോപിച്ചും നടപടികളിൽ വേഗവും സഹകരണവും തേടിയും മുഖ്യമന്ത്രിക്ക് കേന്ദ്ര റെയിൽവേ മന്ത്രിയുടെ കത്ത്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം നിരവധി റെയിൽ അടിസ്ഥാന പദ്ധതികളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ശബരി പാതയുടെ കാര്യത്തിലടക്കം ആവശ്യമായ ഭൂമി ലഭ്യമായിട്ടില്ല. ഇതടക്കം പ്രധാന നാല് റെയിൽവേ പദ്ധതികളുടെ തൽസ്ഥിതി കത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.
12,350 കോടി രൂപയുടെ റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കൊപ്പം 2024-25 സാമ്പത്തിക വർഷത്തിൽ 3011 കോടിയുടെ ബജറ്റ് വിഹിതവും കേരളത്തിന് അനുവദിച്ചിരുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ അഭാവം മിക്ക പദ്ധതികളെയും ബാധിക്കുകയാണ്. 470 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 2100 കോടി രൂപ കേന്ദ്രം നൽകിയെങ്കിലും 64 ഹെക്ടർ മാത്രമാണ് ഏറ്റെടുത്ത് നൽകിയത്.
പദ്ധതികളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനും കേരളത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ നിർണായകമാണ്. വേഗത്തിൽ ഭൂമി ഏറ്റെടുത്ത് കൈമാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിൽവർ ലൈനിന് അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ മാസം കേന്ദ്രമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണം നൽകിയ പദ്ധതികളുടെ കാര്യത്തിൽ ഇഴഞ്ഞുനീങ്ങൽ ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.