രാഷ്ട്രീയപ്പോരിൽ സിഗ്നൽ കിട്ടാതെ മെഡി. കോളജ് റെയിൽവേ ടിക്കറ്റ് കൗണ്ടർ
text_fieldsകോഴിക്കോട്: കൗണ്ടർ റൂമും കമ്പ്യൂട്ടറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നിട്ടും മെഡിക്കൽ കോളജ് അധികൃതർ പച്ചക്കൊടി കാണിക്കാത്തതിനാൽ തുറന്നു പ്രവർത്തിക്കാനാകാതെ മെഡിക്കൽ കോളജിലെ റെയിൽവേ ടിക്കറ്റ് ബുക്കിങ് കൗണ്ടർ.
മലബാറിലെ ആറ് ജില്ലകളിൽനിന്നുള്ള രോഗികൾക്കും പരിസരപ്രദേശത്തെ ആളുകൾക്കും ഏറെ ഉപകാരപ്രദമാകുന്ന കൗണ്ടറാണ് യാതൊരു കാരണവുമില്ലാതെ അടച്ചിട്ടിരിക്കുന്നത്. എം.പിയോടുള്ള രാഷ്ട്രീയ നീരസമാണ് പണി പൂർത്തിയായിട്ടും കൗണ്ടർ അടഞ്ഞു കിടക്കുന്നതിനു പിന്നിലെന്നും ആരോപണമുണ്ട്.
ജീവനക്കാരെവെച്ച് റെയിൽവേതന്നെ കൗണ്ടർ പ്രവർത്തിപ്പിക്കാം എന്നറിയിച്ചിട്ടും മെഡിക്കൽ കോളജ് അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ സ്റ്റേഷൻ ഡയറക്ടർ അബ്ദുൽ അസീസ് അറിയിച്ചു. നേരത്തേ മെഡിക്കൽ കോളജിന് പുറത്ത് പ്രവർത്തിച്ചിരുന്ന കൗണ്ടർ കഴിഞ്ഞ ഏപ്രിൽ 30 മുതൽ നിർത്തലാക്കിയിരിക്കുകയാണ്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൗണ്ടർ ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ച സാഹചര്യത്തിലാണ് സ്വകാര്യ ഹോട്ടലിൽ പ്രവർത്തിരുന്ന കൗണ്ടർ അടച്ചുപൂട്ടിയത്. പിന്നീട് സ്ഥലം എം.പി എം.കെ. രാഘവൻ മുൻകൈയെടുത്ത് മെഡി. കോളജിൽ കോമ്പൗണ്ടിൽ ദന്തൽ കോളജിന് സമീപത്തെ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രത്തിലെ ഒരു മുറിയിൽ ടിക്കറ്റ് കൗണ്ടർ സജ്ജീകരിച്ചു.
സ്വകാര്യ ഏജൻസിയുടെ സ്പോൺസർഷിപ്പിൽ റൂം അറ്റകുറ്റപ്പണി നടത്തി ബാത്ത് റൂമും കൗണ്ടറിലേക്കുള്ള കമ്പ്യൂട്ടറും അടക്കം സ്ഥാപിച്ച് എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയിരിക്കുകയാണ്.
കൗണ്ടർ തുറന്നു പ്രവത്തിക്കുന്നതിനായി മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായും മറ്റ് ആരോഗ്യ വകുപ്പ് മേധാവികളുമായും ബന്ധപ്പെട്ടെങ്കിലും അനുമതി നൽകാതെ തട്ടിക്കളിക്കുകയാണെന്ന് എം.പിയുടെ ഓഫിസ് അറിയിച്ചു. കൗണ്ടർ തുറന്ന് പ്രവർത്തിച്ചാൽ അത് അതിന്റെ ക്രെഡിറ്റ് എം.പിക്കാവും എന്ന കണക്കുകൂട്ടലിൽ മെഡിക്കൽ കോളജിലെ ഭരണാനുകൂല സംഘടനാ പ്രതിനിധികൾ ഇടപെട്ട് പ്രവർത്തനാനുമതി തടഞ്ഞുവെക്കുകയാണെന്നും ആരോപണമുണ്ട്.
കൗണ്ടറുകൾവഴി ബുക്ക് ചെയ്താൽ മാത്രമേ രോഗികൾക്കും കൂടെയുള്ള സഹായിക്കും യാത്രാ ആനുകൂല്യം ലഭിക്കുകയുള്ളൂ. അർബുദം, കിഡ്നി രോഗചികിത്സക്ക് ഉൾപ്പെടെ ഇതര ജില്ലകളിൽനിന്ന് നൂറുകണക്കിന് രോഗികളാണ് നേരത്തേ മെഡി. കോളജിൽ ഈ ടിക്കറ്റ് ബുക്കിങ് കൗണ്ടറിനെ ആശ്രയിച്ചിരുന്നത്.
മെഡിക്കൽ കോളജിൽനിന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർ.ഇ.സി.സിയിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് ഇത് ആശ്വാസകരമായിരുന്നു.
കൗണ്ടർ പ്രവർത്തനം നിർത്തിവെച്ചതോടെ ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തേണ്ട അവസ്ഥയാണ്. മെഡിക്കൽ കോളജിൽനിന്ന് ഗതാഗതക്കുരുക്കുകൾ കടന്ന് 10 കിലോമീറ്റർ കടന്നുവേണം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്താൻ. പാവപ്പെട്ടവരും പ്രായമായവരുമായ രോഗികൾക്ക് ഇ-ടിക്കറ്റിങ് സംവിധാനം ആശ്രയിക്കാൻ സാധിക്കില്ലെന്നതും പ്രതിസന്ധിക്കിടയാക്കുന്നു.
നൂറുകണക്കിന് രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന കൗണ്ടർ രാഷ്ട്രീയ ലാഭത്തിനായി അടച്ചിടുന്നതും ഏറെ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.