റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി
text_fieldsകോഴിക്കോട്: റെയിൽവേ ജനുവരി മുതൽ നടപ്പാക്കിയ ട്രെയിൻ സമയപരിഷ്കാരം മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടിയായി. കോഴിക്കോടുനിന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കോഴിക്കോടുനിന്ന് ഉച്ചക്ക് 2.15ന് ട്രെയിൻ പുറപ്പെട്ടാൽ ശേഷം വൈകീട്ട് അഞ്ചിന് മാത്രമാണ് അടുത്ത വണ്ടിയുള്ളത്. നേരത്തേ 2.45ന് പുറപ്പെട്ട ട്രെയിൻ ആണ് അരമണിക്കൂർ നേരത്തേയാക്കിയത്. ഇരു ട്രെയിനുകൾക്കുമിടയിലെ സമയ ദൈർഘ്യം കുറക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ എണ്ണമറ്റ നിവേദനങ്ങൾ പരിഗണിക്കാതെയാണ് ദൈർഘ്യം ഒന്നുകൂടി വർധിപ്പിച്ചത്.
06031 ഷൊർണൂർ- കണ്ണൂർ സ്പെഷൽ ട്രെയിനിന്റെ സമയത്തിൽ മാറ്റംവരുത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യവും പരിഗണിച്ചില്ല. കുറ്റിപ്പുറം മുതൽ ഫറോക്ക് വരെയുള്ള യാത്രക്കാരുടെ ചിലകാല ആവശ്യമാണിത്. ഉച്ചക്കുശേഷം 3.45ന് ഷൊർണൂരിൽനിന്നു പുറപ്പെട്ടിരുന്ന ഈ ട്രെയിൻ അടുത്ത കാലത്തായി 3.00നാണ് പുറപ്പെടുന്നത്. ഇതുകാരണം മലബാറിലെ പല സ്റ്റേഷനുകളിൽനിന്നും ഈ ട്രെയിനിൽ കയറാൻ സാധിക്കാതെയായി. ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിന്റെ കോഴിക്കോട്ടെ സമയം 10.25 ആയി സ്ഥിരപ്പെടുത്തിയതും തിരിച്ചടിയായി.
വൈകീട്ട് 6.15ന് കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടുനിന്നു പോയാൽ പിന്നെ കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഏക ആശ്രയം രാത്രി 10.25ന് എക്സിക്യുട്ടിവ് എക്സ്പ്രസ് മാത്രമാണ്. ഇതിനിടെ ഒരു ട്രെയിൻ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പരശുറാം എക്സ്പ്രസ് വൈകീട്ട് ഒരു മണിക്കൂറോളം കോഴിക്കോട് പിടിച്ചിടുന്നത് ഒഴിവാക്കാനും നടപടി ആയില്ല.
2.05 ന് പുറപ്പെടുന്ന കോഴിക്കോട് -കണ്ണൂർ പാസഞ്ചറിനെ താംബരം - മംഗളൂരു എക്സ് പ്രസിനുവേണ്ടി സ്ഥിരമായി വടകരക്ക് മുമ്പ് പിടിച്ചിടുന്ന രീതിയിലാണ് പുതിയ ടൈം ഷെഡ്യൂൾ. പകരം ഈ വണ്ടി മൂന്നിന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന രീതിയിൽ ആക്കിയിരുന്നെങ്കിൽ ഒരുപാട് പേർക്ക് ഉപകാരമാവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.