വാഹനപാർക്കിങ് ഫീസ് 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ
text_fieldsതിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാൻ കഴുത്തറുപ്പൻ നിരക്ക്. പാർക്കിങ് നിരക്ക് 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഏതാനും സ്റ്റേഷനുകളിൽ ഇതിനകം വർധന പ്രാബല്യത്തിലായി. ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും രണ്ടു മുതൽ എട്ടു മണിക്കൂർ വരെ 20 രൂപയും എട്ടു മുതൽ 24 മണിക്കൂർ വരെ 30 രൂപയുമാണ് ഈടാക്കുക. ഹെൽമറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ 10 രൂപ കൂടി ഈടാക്കും. 24 മുതൽ 48 മണിക്കൂർ വരെ ഇരുചക്ര വാഹനങ്ങൾക്ക് 50 രൂപയായിരുന്ന നിരക്ക് 60 രൂപയാകും. ഇതേ സമയപരിധിയിൽ കാറിന് 100 രൂപയുമായിരുന്നെങ്കിൽ 180 രൂപ നൽകണം.
റെയിൽവേ നിർദേശിക്കുന്ന നിരക്കുകൾക്ക് അനുസൃതമായാണ് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത്. 2017 ലാണ് റെയിൽവേ ഏറ്റവുമൊടുവിൽ പാർക്കിങ് ഫീസ് പരിഷ്കരിച്ചത്. ഇതാണ് കുത്തനെയുള്ള വർധനക്ക് കാരണമായി റെയിൽവേ പറയുന്നത്.
ട്രെയിനുകളുടെ സ്റ്റോപ്, ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തി സ്റ്റേഷനുകളെ രണ്ട് കാറ്റഗറികളായി (ഒന്ന്, രണ്ട്) തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. കൂടുതൽ ട്രെയിൻ നിർത്തുകയും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളാണ് കാറ്റഗറി ഒന്നിൽ. രണ്ടു കാറ്റഗറിയിലും കാറുകൾക്ക് ഒരു മാസം പാർക്കിങ് അനുവദിച്ചിട്ടില്ല.
കാറ്റഗറി ഒന്നിൽ ഇരുചക്രവാഹനങ്ങൾക്ക് ഒരു മാസത്തെ നിരക്ക് 360 രൂപയിൽനിന്ന് 600 രൂപയാക്കി. തിരുവനന്തപുരം ഡിവിഷനു കീഴിൽ തിരുവനന്തപുരം, നാഗർകോവിൽ ജങ്ഷൻ, കന്യാകുമാരി, തൃശൂർ, എറണാകുളം ജങ്ഷൻ, എറണാകുളം നോർത്ത്, ആലപ്പുഴ, ആലുവ, ചെങ്ങന്നൂർ, കൊച്ചുവേളി, കോട്ടയം, കായംകുളം, കൊല്ലം, തിരുവല്ല, ചങ്ങനാശ്ശേരി, വർക്കല, അങ്കമാലി, ചേർത്തല, കഴക്കൂട്ടം, ഗുരുവായൂർ, സ്റ്റേഷനുകളാണ് കാറ്റഗറി ഒന്നിൽ ഉൾപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.