തൃക്കരിപ്പൂരിൽ റെയിൽപാളം പൊട്ടി വേർപെട്ടു: വൻദുരന്തം ഒഴിവായി
text_fieldsകാസർകോട്: തൃക്കരിപ്പൂരിൽ റെയിൽപാളം പൊട്ടി വേർപെട്ടു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. ഉദിനൂർ റെയിൽവേ ലെവൽക്രോസിനും തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനും ഇടയിലാണ് റെയിൽപാളത്തിൽ വിള്ളലുണ്ടായത്.
ഞായറാഴ്ച രാവിലെ ഏഴോടെ 12618 നിസാമുദ്ദീൻ--എറണാകുളം മംഗള എക്സ്പ്രസ് കടന്നുപോയ ഉടനെയാണ് ട്രാക്കിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. മംഗള എക്സ്പ്രസ് കടന്നുപോകുേമ്പാൾ ട്രാക്കിൽനിന്ന് വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽനിന്നെത്തിയ കീമാൻ പാളത്തിലെ വിള്ളൽ കണ്ടെത്തി വിവരമറിയിക്കുന്നതിനുമുമ്പ് 56654 മംഗളൂരു--കോഴിക്കോട് പാസഞ്ചർ സ്ഥലത്തെത്തിയിരുന്നു.
7.45നാണ് മംഗളൂരു-കോഴിക്കോട് പാസഞ്ചർ എത്തിയത്. കീമാൻ അപകട മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും ട്രെയിൻ അടുത്തെത്തിയിരുന്നതിനാൽ എൻജിൻ ഭാഗം വിള്ളൽ കടന്ന് മുന്നോട്ടുപോയി. അതോടെയാണ് പാളം വലിയ ശബ്ദത്തോടെ പൊട്ടി വേർപെട്ടത്. യാത്രക്കാർ പലരും പരിഭ്രാന്തരായി ട്രെയിനിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് 45 മിനിറ്റോളം വണ്ടി ഇവിടെ പിടിച്ചിട്ടു. താൽക്കാലികമായി പ്രശ്നം പരിഹരിച്ച ശേഷം വേഗത മണിക്കൂറിൽ 10 കിലോമീറ്ററായി കുറച്ച് ട്രെയിൻ കടത്തിവിടുകയായിരുന്നു. അതിനുശേഷം വന്ന 16605 മംഗളൂരു--നാഗർകോവിൽ ഏറനാട് എക്സ്പ്രസും 16860 മംഗളൂരു--ചെന്നൈ എഗ്മോർ എക്സ്പ്രസും 30 മിനിറ്റ് നേരം പിടിച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.