മിന്നൽ പോലെ കണ്ടു, റെയിൽവേ ട്രാക്കിലൊരു കുഞ്ഞുമുഖം
text_fieldsകൊച്ചി: ‘പാഞ്ഞോടുന്ന ട്രെയിനിലിരുന്ന് മിന്നൽ പോലെയാണ് തൊട്ടടുത്ത ട്രാക്കിൽ ഒരു കുഞ്ഞുരൂപം കണ്ടത്. സഹയാത്രക്കാരോട് തിരക്കി വ്യക്തത വരുത്തി. ഉടൻ ഇൻറർനെറ്റിൽനിന്ന് പൊലീസ് സ്റ്റേഷനിലെ നമ്പർ കണ്ടെത്തി വിവരം അറിയിച്ചു. പാളത്തിലേക്ക് ട്രെയിനൊന്നും വരരുതേയെന്നായിരുന്നു പ്രാർഥന. കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മയെ ഏൽപിച്ചെന്ന് പൊലീസ് അറിയിക്കുംവരെ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന മോളെക്കുറിച്ചാണ് അപ്പോഴൊക്കെ ചിന്തിച്ചത്’. എറണാകുളം കളമശ്ശേരിയിൽ റെയിൽവേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെ രക്ഷിക്കാൻ ഇടയായ സംഭവം വിവരിക്കുമ്പോഴും ഹവീൽദാർ ഇ.വി. അനീഷ്മോെൻറ നടുക്കം വിട്ടുമാറിയിരുന്നില്ല.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് റെയിൽവേ ക്വാർട്ടേഴ്സിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവനാരായണൻ അമ്മയറിയാതെ ട്രാക്കിലൂടെ നടന്നത്. ഇതേസമയം, അടുത്ത ട്രാക്കിലൂടെ കടന്നുപോയിരുന്ന നിലമ്പൂർ^എറണാകുളം പാസഞ്ചറിലെ യാത്രക്കാരനായിരുന്ന അനീഷിെൻറ ശ്രദ്ധയിൽപ്പെട്ടു. ട്രെയിൻ വേഗത്തിലായിരുന്നതിനാൽ രണ്ടാമതൊന്ന് നോക്കാൻ സാധിച്ചില്ല. പക്ഷേ പാളത്തിൽ ആ കുഞ്ഞുരൂപം തനിച്ചാണെന്ന് മനസ്സിലായി. ഒരു കുഞ്ഞിനെപ്പോലെ തോന്നിയെന്ന് മറ്റു യാത്രക്കാരും പറഞ്ഞു. അപ്പോളോ ടയേഴ്സ് കമ്പനി കണ്ടതോടെ സ്ഥലം കളമശ്ശേരിയാണെന്ന് ഊഹിച്ചു. ഗൂഗിളിൽനിന്ന് പൊലീസ് സ്റ്റേഷൻ നമ്പർ കണ്ടെത്തി. റേഞ്ച് നഷ്ടപ്പെടുന്നതിനാൽ പലതവണ ശ്രമിച്ചശേഷമാണ് ഫോൺ കിട്ടിയത്. വിവരമറിയിച്ചപ്പോൾതന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ രക്ഷിച്ച് അമ്മയെ ഏൽപിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ് അനീഷ്. ഇടുക്കി കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിൽ അംഗമായ അനീഷ് ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കേരള ഭീകര വിരുദ്ധ സ്ക്വാഡിലാണ്. ഡ്യൂട്ടി സ്ഥലമായ മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽനിന്ന് അവധിക്ക് ഭാര്യവീടായ വൈക്കത്തേക്കുള്ള യാത്രയിലായിരുന്നു. ഭാര്യ അനു ജോസഫ് വൈക്കം ലിസ്യു സ്കൂളിലെ അധ്യാപികയാണ്. മകൾ ഷർമിള മേരി ജോസഫ്. കളമശ്ശേരി എസ്.ഐ പ്രസന്നൻ, എ.എസ്.ഐ പത്മകുമാർ, സി.പി.ഒമാരായ അനിൽ, നിയാസ് മീരാൻ എന്നിവരാണ് കുട്ടിയെ രക്ഷിച്ചവർ. കൊല്ലത്ത് ഡ്രൈവറായ അജിത്തിനും റെയിൽവേ ജീവനക്കാരി മഞ്ജുവിനും ആറുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ കുട്ടിയാണ് ദേവനാരായണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.