ഉത്സവ സീസണിൽ യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ
text_fieldsപാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വർധിക്കുന്ന അവസരം മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ. ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇതര സംസ്ഥാനങ്ങളിലെ പ്രധാനകേന്ദ്രങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രെയിനിലും സ്ലീപ്പർ ക്ലാസ് ടിക്കറ്റ് തീർന്നു. പല കേന്ദ്രങ്ങളിൽനിന്നും വെയിറ്റിങ് ലിസ്റ്റ് നൂറിനടുത്തെത്തി.
തിരക്ക് പരിഗണിച്ച് റെയിൽവേ അനുവദിച്ച സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത് പ്രത്യേക നിരക്ക്. നിലവിെല നിരക്കിന്റെ 1.3 മടങ്ങാണ് സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത്. ഓണത്തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്ന് അനുവദിച്ച രണ്ട് ട്രെയിനിലും പ്രത്യേക നിരക്കാണ്. കോവിഡിനുമുമ്പുവരെ തിരക്കുസമയത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാറുണ്ടായിരുന്നെങ്കിലും സ്പെഷൽ നിരക്ക് വാങ്ങിയിരുന്നില്ല.
കഴിഞ്ഞ ശബരിമല, ക്രിസ്മസ് സീസണിൽ ഇത്തരം സ്പെഷൽ ട്രെയിനുകൾ ഓടിച്ച് അമിത നിരക്ക് വാങ്ങിയിരുന്നു. ഇത്തരം ട്രെയിനുകളിൽ സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് പൂർണമായി ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. കോവിഡിനുശേഷം പാസഞ്ചർ, വീക്കിലി എക്സ്പ്രസ് ട്രെയിനുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളിൽ നേരത്തെയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് സ്ഥിരം-സാധാരണ യാത്രക്കാരുടെ ദുരിതം വർധിക്കാൻ കാരണമായത്. പല ദീർഘദൂര ട്രെയിനുകളിലും ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചു. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ നേരത്തെയുണ്ടായിരുന്ന നാല് ജനറൽ കോച്ചുകളിൽ രണ്ടെണ്ണം ഒഴിവാക്കി. ഇതോടെ യാത്രദുരിതവും ഇരട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.