മൊബൈൽ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റ്: സംവിധാനം നിലവിൽവന്നു
text_fieldsതൃശൂർ: റെയിൽേവ സ്റ്റേഷനിൽ എത്താൻ വൈകിയാലും ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ക്യൂ നിൽക്കേണ്ടിവരുമെന്നോർത്ത് ഇനി വേവലാതി വേണ്ട. സ്വന്തം മൊബൈൽ ഫോൺ വഴി അനായാസം ടിക്കറ്റ് എടുക്കാവുന്ന ആപ്ലിക്കേഷൻ തിരുവനന്തപുരം ഡിവിഷന് കീഴിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ നിലവിൽവന്നു.
തൃശൂർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയും തിരുവനന്തപുരം ഡിവിഷനൽ ഉപദേശക സമിതി അംഗവുമായ പി. കൃഷ്ണകുമാറിെൻറ മൊബൈൽ ഫോണിൽ ‘യു.ടി.എസ് ഓൺ മൊബൈൽ’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ കെ.ആർ. ജയകുമാർ സംവിധാനം പുറത്തിറക്കി. ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗോപിനാഥൻ, ചീഫ് ബുക്കിങ് സൂപ്പർവൈസർ മീനാംബാൾ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ്. കുമാർ, ചീഫ് കാറ്ററിങ് ഇൻസ്പെക്ടർ സി.ജെ. ജോബി എന്നിവരും നിരവധി യാത്രക്കാരും പങ്കെടുത്തു.
സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (ക്രിസ്) എന്ന സ്ഥാപനം തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ടിക്കെറ്റടുക്കാം. ഒരു ടിക്കറ്റിൽ നാല് പേർക്കുവരെ യാത്രക്കൂലി അടക്കാം. നാലിൽ കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ മറ്റൊരു ടിക്കറ്റുകൂടി എടുക്കണം. ഒരു മൊബൈലിൽനിന്നും എത്ര ടിക്കറ്റ് വേണമെങ്കിലും എടുക്കാം. എന്നാൽ, മറ്റൊരാൾക്ക് മൊബൈൽ വഴി ടിക്കറ്റ് കൈമാറാനാവില്ല.
മുതിർന്ന പൗരന്മാർക്കടക്കം യാത്ര സൗജന്യങ്ങളൊന്നും ഇതിൽ ലഭ്യമല്ല. എടുത്ത ടിക്കറ്റ് റദ്ദാക്കാനുമാവില്ല. എന്നാൽ, ടിക്കറ്റ് ടി.ടി.ഇയെ കാണിച്ച് ഉയർന്ന ക്ലാസിലേക്ക് മാറ്റാം. ടിക്കറ്റെടുക്കാൻ ഇൻറർനെറ്റും ജി.പി.എസും വേണം. എടുത്ത ടിക്കറ്റ് പരിശോധനക്ക് കാണിക്കാൻ ഇതൊന്നും ആവശ്യമില്ല. സ്ലീപ്പർ ക്ലാസ് ടിക്കറ്റ് മൊബൈലിലൂടെ എടുക്കാനാവില്ല. ടിക്കറ്റെടുക്കാൻ നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴിയോ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിലെ യു.ടി.എസ് വഴിയോ ‘ആർ വാലറ്റി’ൽ പണം നിക്ഷേപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.