റെയിൽവേ മാലിന്യമുക്തമാക്കാൻ തദ്ദേശവകുപ്പ് പദ്ധതി
text_fieldsപാലക്കാട്: തിരുവനന്തപുരം ആമയിഴഞ്ചാന്തോട്ടിലെ ജോയിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണ പരിപാലന പ്രവർത്തനങ്ങൾക്ക് തദ്ദേശവകുപ്പ് മുന്നിട്ടിറങ്ങുന്നു. ‘മാലിന്യമുക്തം, നവകേരളം’ കാമ്പയിനിന്റെ കർമപദ്ധതിയിലാണ് റെയിൽവേ മാലിന്യമുക്തമാക്കാനുള്ള പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്റ്റേഷനുകളിലും ട്രെയിനുകളിലും ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനങ്ങൾ സജ്ജീകരിക്കാനും റെയിൽവേ ട്രാക്കുകളുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നം പരിഹരിക്കാനുമാണ് കാമ്പയിൻ ആസൂത്രണം ചെയ്യുന്നതെന്ന് തദ്ദേശവകുപ്പ് അധികൃതർ വ്യക്തമാക്കി.
മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ഹരിതകർമസേനയുടെ സേവനം റെയിൽവേ അഭ്യർഥിച്ചിട്ടുണ്ടെന്ന് തദ്ദേശവകുപ്പിന്റെ കർമപദ്ധതിയിൽ പറയുന്നു. ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടക്കുക. റെയിൽവേ ട്രാക്കുകൾ മാലിന്യമുക്തമാക്കൽ, ട്രെയിനുകളിൽ മതിയായ മാലിന്യശേഖരണ സംവിധാനവും കൃത്യമായ മാലിന്യനീക്കവും ഉറപ്പാക്കൽ, റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യ പരിപാലന സംവിധാനം കാര്യക്ഷമമാക്കൽ, റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ കോളനികൾ തുടങ്ങിയവയിൽ ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനങ്ങൾ സജ്ജീകരിക്കൽ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. റെയിൽവേ ട്രാക്കുകളിലെ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ തദ്ദേശസ്ഥാപന തലത്തിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. പ്രാഥമിക ഘട്ടമായി റെയിൽവേ സ്റ്റേഷനുകളുടെ അവസ്ഥ പഠിക്കും. റെയിൽവേ ഡിവിഷനുമായി ചേർന്ന് മാലിന്യസംസ്കരണവും വീഴ്ചകളും മനസ്സിലാക്കിയാകും തുടർപ്രവർത്തനം. ഹരിതകർമ സേനയെ കരാറിന്റെ അടിസ്ഥാനത്തിൽ വേതനം നിശ്ചയിച്ച് റെയിൽവേ സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ സാഹചര്യമുണ്ടെന്നും തദ്ദേശവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് മാർക്കിടാം
പാലക്കാട്: വൃത്തിയുടെ അടിസ്ഥാനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഗ്രേഡിങ് നടത്തി ശുചിത്വ മിഷൻ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുമെന്ന് ‘നവകേരളം’ കാമ്പയിനിന്റെ കർമ പദ്ധതിരേഖ. ആഗസ്റ്റ് മുതൽ വിനോദസഞ്ചാരികൾക്ക് വൃത്തിയുടെ അടിസ്ഥാനത്തിൽ മാർക്കിടാൻ അവസരമുണ്ടാകും. വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് മാത്രം നിശ്ചിത എൻട്രി ഫീസ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്താമെന്നും പദ്ധതിരേഖ പറയുന്നു. ഈ തുകയിൽ നിശ്ചിത ശതമാനം ശുചിത്വം ഉറപ്പുവരുത്താൻ ഉപയോഗിക്കണമെന്ന വ്യവസ്ഥയിലാണത്. വെബ്സൈറ്റിൽ കയറി റേറ്റ് ചെയ്യാൻ ക്യൂ.ആർ കോഡ് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ഥാപിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.