കണ്ണുതുറക്കാതെ റെയിൽവേ; പരിധിവിട്ട് നരകയാത്ര
text_fieldsതിരുവനന്തപുരം: അവധികഴിഞ്ഞുള്ള ദിവസങ്ങളിൽ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് അധിക ക്രമീകരണമൊരുക്കാൻ റെയിൽവേ തയാറാകാത്തതോടെ പിടിവിട്ട് കേരളത്തിലെ ട്രെയിൻ യാത്ര. കാലുകുത്താൻ ഇടമില്ലാത്ത വിധം തിങ്ങിനിറഞ്ഞ ജനറൽ കമ്പാർട്ട്മെൻറുകളിൽ യാത്രക്കാർക്ക് ശ്വാസംമുട്ടുകയാണ്. തിക്കുംതിരക്കും ഒപ്പം പിടിച്ചിടലും കൂടിയായതോടെ ‘വേണാടി’ലെ രണ്ടു യാത്രക്കാർ കുഴഞ്ഞുവീഴുന്ന സ്ഥിതിയോളം കാര്യങ്ങളെത്തി.
സംസ്ഥാനത്തെ യാത്രാവശ്യകത പരിഗണിക്കുമ്പോൾ നാമമാത്ര സ്പെഷലുകളാണ് ഇക്കുറി ഓണത്തിന് അനുവദിച്ചത്. മംഗളൂരു-കൊല്ലം, എറണാകുളം-ബംഗളൂരു, കൊല്ലം-താംബരം റൂട്ടുകളിലായി ആകെ 13 സ്പെഷലുകൾ മാത്രം. എന്നാൽ, പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ തന്നെ ഇവയിലെ സീറ്റുകൾ നിറഞ്ഞു. പ്രതിദിന ട്രെയിനുകളിലാകട്ടെ നീണ്ട വെയിറ്റിങ് ലിസ്റ്റും. ഇതോടെയാണ് യാത്രക്കാർ ജനറൽ കമ്പാർട്ട്മെന്റുകളിൽ കയറാൻ നിർബന്ധിതമാകുന്നത്.
തിരക്കുള്ള ഓണമടക്കം സീസണുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യമുയരാറുണ്ടെങ്കിലും റെയിൽവേ ചെവി കൊടുക്കാറില്ല. അല്ലെങ്കിൽ മറ്റ് കോച്ചുകൾ വെട്ടിക്കുറച്ചാവും അധിക കോച്ചുകൾ അനുവദിക്കുക.
വെയിറ്റിങ് ലിസ്റ്റ് കുരുക്കിലും കണ്ണ് കച്ചവടത്തിൽ
വെയിറ്റിങ് ലിസ്റ്റ് കുരുക്കിൽ സാധാരണക്കാർ വട്ടം കറങ്ങുമ്പോഴും റെയൽവേയുടെ പരിഗണന വന്ദേഭാരതടക്കം പ്രീമിയം കച്ചവടത്തിൽ മാത്രമാണ്. ബജറ്റിൽ പുതിയ ട്രെയിനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്രമല്ല, യാത്രക്കാർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധി നേരിടാൻ പരിഹാരവും മുന്നോട്ടുവെക്കുന്നില്ല. കേരളത്തിനുള്ളിൽ പ്രതിദിന ട്രെയിനുകളിൽ പോലും അടുക്കാനാകാത്ത വിധമാണ് വെയിറ്റിങ് ലിസ്റ്റുകളുടെ നീളം.
ദീർഘദൂര ട്രെയിനുകളുടെ കാര്യം അതിലും സങ്കീർണം. നാലു മാസം മുമ്പു മുതൽ ബുക്കിങ് ആരംഭിക്കുമെങ്കിലും വളരെ വേഗം സീറ്റുകൾ നിറയുകയാണ്. കേരളത്തിൽ യാത്രാ പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ‘‘പുതിയ ട്രെയിനുകളില്ലെങ്കിലും ഓടുന്നവയുടെ വേഗം കൂട്ടിയില്ലേ’’ എന്നതാണ് ഡിവിഷനൽ അധികൃതരുടെ വിശദീകരണം. യാത്ര ഇനത്തിൽ മാത്രമല്ല, വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ റദ്ദാക്കുന്നതിലൂടെയും ടിക്കറ്റ് റദ്ദാക്കാതെ യാത്ര ഉപേക്ഷിക്കുന്നതിലൂടെയും റെയിൽവേക്ക് കോടികളാണ് വരുമാനമെന്നത് സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ അടിവരയിടുന്നു.
യാത്രാവശ്യകത കൂടുന്നു, പക്ഷേ....
ട്രെയിൻ യാത്രാവശ്യകത വർഷം തോറും വർധിക്കുന്നെന്നാണ് കണക്ക്. എന്നാൽ, ഇതിനനുസരിച്ച് സർവിസുകളോ കോച്ചുകളോ വർധിക്കുന്നില്ല. വെയിറ്റിങ് ലിസ്റ്റ് പൂർണമായി ഇല്ലാതാക്കാൻ ട്രിപ്പുകളുടെ എണ്ണത്തിൽ 30 ശതമാനം വർധന വേണമെന്ന് റെയിൽവേ സമ്മതിക്കുന്നു. വെയിറ്റിങ് ലിസ്റ്റുകൾ കുറക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും ഇതിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഇതൊന്നും റെയിൽവേയുടെ പരിഗണനയിലില്ലെന്നാണ് സമീപകാല ബജറ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
2019 മുതൽ 2023 വരെ കാലയളവിൽ 10.07 കോടി വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടിരുന്നില്ല. ഒരു രൂപ പോലും യാത്രക്കാരന് നൽകാതെ ഈ ഇനത്തിൽ റെയിൽവേയുടെ പെട്ടിയിലെത്തിയത് 5000 കോടിയും. 2019ൽ 1489 കോടിയും 2020 ൽ 299 കോടിയും 2021ൽ 713 കോടിയും 2022ൽ 1604 കോടിയും രൂപയുടെ ടിക്കറ്റുകളാണ് റദ്ദാക്കപ്പെടാതെ പോയത്.
പിടിച്ചിട്ട് വഴിയൊരുക്കുന്നു, പെരുവഴിയിൽ യാത്രക്കാർ
സീസണിൽ മാത്രമല്ല, മറ്റു ദിവസങ്ങളിലും ദുരിതയാത്രക്ക് അറുതിയില്ല. രണ്ടാം വന്ദേഭാരതിനായി മറ്റ് സർവിസുകളെ വഴിയിലിടുന്നത് പതിവാണ്. തിരുവനന്തപുരത്തുനിന്ന് 4.05ന് മംഗളൂരുവിലേക്ക് മടങ്ങുന്ന തരത്തിലാണ് രണ്ടാം വന്ദേഭാരതിന്റെ സമയക്രമം. തിരുവനന്തപുരത്തുനിന്ന് സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന നിരവധി ട്രെയിനുകളുടെ സർവിസ് സമയത്താണ് അതിവേഗ ട്രെയിനിന്റെ സമയക്രമം. ഏറ്റവും തിരക്കുള്ള സമയത്താണ് ട്രെയിൻ ആലപ്പുഴ-എറണാകുളം സെക്ഷനിൽ പ്രവേശിക്കുന്നതും. ഈ സാഹചര്യത്തിൽ ട്രെയിനുകൾ പിടിച്ചിട്ട് വേണം വന്ദേഭാരതിന്റെ അതിവേഗ യാത്രക്ക് വഴിയൊരുക്കാൻ.
കോട്ടയം, ആലപ്പുഴ ഭാഗത്തുള്ള യാത്രക്കാർക്ക് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് എത്താനുള്ള രണ്ടു ജനകീയ സർവിസുകളാണ് ഇന്റർസിറ്റിയും (16341)വഞ്ചിനാട് എക്സ്പ്രസും (16303). സമയ ക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ റെയിൽവേ തയാറാകാത്തതുമൂലം വഞ്ചിനാടിലെ യാത്രക്കാർ കായംകുളം മുതൽ തീരാദുരിതത്തിലാണ്. കോട്ടയത്തുനിന്നും 6.23 നു പുറപ്പെടുന്ന വഞ്ചിനാട് 7.28 നു മുമ്പു തന്നെ കായംകുളത്തെത്തും. എന്നാൽ, 7.20 ന് കായംകുളത്തെത്തേണ്ട ഇൻറർസിറ്റി കടന്ന് പോകാനായി വഞ്ചിനാടിനെ പിടിച്ചിടുന്നത് പതിവാണ്. ഇന്റർസിറ്റി പോയ ശേഷം 20 മിനിറ്റിലധികം കഴിഞ്ഞാണ് വഞ്ചിനാട് യാത്ര പുനരാരംഭിക്കുക. ഇനി വഞ്ചിനാട് കായംകുളത്തുനിന്ന് ആദ്യം പുറപ്പെട്ടാലും കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, കഴക്കൂട്ടം തുടങ്ങി ഏതെങ്കിലും സ്റ്റേഷനിൽ പിടിച്ചിട്ടാകും ഇൻറർസിറ്റിക്ക് വഴിയൊരുക്കുക.
ബഫർ ടൈമിന്റെ പേരിലും പണി
ട്രെയിനുകൾ വൈകുന്നു എന്ന പരാതി ഒഴിവാക്കാൻ ട്രെയിനുകൾക്ക് അനാവശ്യമായി ബഫർ ടൈം നൽകുന്നതാണ് മറ്റൊന്ന്. രണ്ട് സ്റ്റേഷനുകൾക്കിടയിൽ ഓടി എത്താൻ വേണ്ടതായ സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ബഫർ ടൈം എന്ന പേരിൽ കൂടുതൽ സമയം അനുവദിക്കുകയും ഇതു കൂടി ഉൾപ്പെടുത്തി ടൈംടേബിൾ തയാറാക്കുകയും ചെയ്യും.
അര മണിക്കൂർകൊണ്ട് ഓടിയെത്തേണ്ട ദൂരത്തിന് ബഫർ ടൈം അടക്കം ഒരു മണിക്കൂറാകും നിശ്ചയിക്കുക. സമയത്ത് ഓടിയെത്തിയാലും സമയക്രമം പാലിക്കാൻ വഴിയിൽ പിടിച്ചിടും. ബഫർ ടൈം കുറയ്ക്കണം എന്നാവശ്യപ്പെട്ട് പലതവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.