മലബാറിനോടുള്ള റെയിൽവേ: അവഗണന തുടർക്കഥ, പാസഞ്ചർ ട്രെയിൻ പുനരാരംഭിച്ചില്ല, സ്റ്റോപ്പുകൾ റദ്ദാക്കി
text_fieldsതിരൂർ: കോവിഡ് ഭീഷണിക്കു ശേഷം പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കാത്തതും സ്റ്റോപ്പുകൾ റദ്ദാക്കിയതും സർവിസ് സമയമാറ്റവും മലബാറിലെ ട്രെയിൻ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. മലബാർ മേഖലയിലൂടെ സർവിസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പൂർണമായും സർവിസ് നിർത്തലാക്കിയതാണ് ഇരുട്ടടിയായത്. കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളാണ് ഇതുവരെ പുനരാരംഭിക്കാത്തത്. ഇതോടെ യാത്രക്ലേശത്തിനൊപ്പം സാമ്പത്തിക ചെലവും യാത്രക്കാരെ വലക്കുന്നു. ചില പാസഞ്ചർ ട്രെയിനുകളുടെ സമയത്ത് സ്പെഷൽ സർവിസുകളുണ്ടെങ്കിലും യാത്രച്ചെലവും ജില്ലയിലെ ചില സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്തതും ദുരിതമായി.
യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്പ്രസ്, തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ് ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനുകളിൽ വരെ സ്റ്റോപ്പുകൾ റദ്ദാക്കിയിരിക്കുകയാണ്. രാത്രിയിൽ ഏറെ യാത്രക്കാരുണ്ടായിരുന്ന മാവേലി, മലബാർ എക്സ്പ്രസിന് പ്രധാന സ്റ്റേഷനായ തിരൂരിലും കുറ്റിപ്പുറത്തും സ്റ്റോപ്പില്ല. തിരിച്ചുള്ള സർവിസിൽ മാവേലിക്ക് തിരൂർ സ്റ്റോപ് അനുവദിച്ചിട്ടുണ്ടെങ്കിലും മലബാറിന് തിരൂരിലും കുറ്റിപ്പുറത്തും സ്റ്റോപ്പില്ല. ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകളുടെ സമയമാറ്റവും യാത്രക്കാരെ, പ്രത്യേകിച്ച് ജോലിക്കാരെയും വിദ്യാർഥികളെയും ഏറെ വലക്കുന്നു. മലബാറിലൂടെ സർവിസ് നടത്തുന്ന പല ട്രെയിനുകളുടെയും ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതും നേത്രാവതിയുടെ ജനറൽ കോച്ചുകൾ ഒഴിവാക്കിയതും അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്.
കോഴിക്കോട് -ഷൊർണൂർ, ഷൊർണൂർ -കോഴിക്കോട്, കോഴിക്കോട് -തൃശൂർ, തൃശൂർ -കണ്ണൂർ പാസഞ്ചർ ട്രെയിനുകളാണ് പുനരാരംഭിക്കാത്തത്. കൊങ്കൺ റെയിൽവേയിലെ സമയമാറ്റം വരുന്നതോടെ പ്രതിദിന, വാരാന്ത്യ ട്രെയിനുകളുടെ സമയമാറ്റം മലബാറിലെ യാത്രക്ലേശം കൂടുതൽ രൂക്ഷമാക്കുമെന്നും ഇതൊഴിവാക്കാൻ റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണമെന്നും മലബാർ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.