യാത്രക്കാരുടെ സുരക്ഷക്ക് റെയിൽവേ മുൻഗണന നൽകണം -പി.വി. അബ്ദുൽ വഹാബ്
text_fieldsന്യൂഡൽഹി: റെയിൽവേ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് രാജ്യസഭയിൽ ചോദ്യം ഉന്നയിച്ച് മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ റെയിൽവേ അപകടങ്ങൾ മൂലമുണ്ടായ മരണങ്ങളുടെയും പരിക്കുകളുടെയും വിശദാംശങ്ങളും എം.പി ആവശ്യപ്പെട്ടു.
രേഖാമൂലം നൽകിയ മറുപടിയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 678 റെയിൽവേ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിൽ 748 പേർ മരിക്കുകയും 2087 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
റെയിൽവേ നിയമത്തിലെ സെക്ഷൻ 128 പ്രകാരം മരിച്ചവർക്ക് 26.8 കോടിയും പരിക്കേറ്റവർക്ക് 7 കോടിയും റെയിൽവേ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റെയിൽവേയിൽ വ്യാപകമായ മോഷണം, ലഗേജ് കാണാതായ കേസ്, കൂട്ട ഭക്ഷ്യവിഷബാധ തുടങ്ങിയ കേസുകൾ സംബന്ധിച്ച മറ്റൊരു ചോദ്യത്തിന് വിശദമായ തൃപ്തികരമായ ഉത്തരം നൽകുന്നതിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.
സമീപകാലത്ത് നൂറുകണക്കിന് നിരപരാധികളുടെ ജീവൻ അപഹരിച്ച ചില പ്രധാന റെയിൽവേ അപകടങ്ങൾ, മോഷണം, ലഗേജ് നഷ്ടപ്പെടൽ എന്നിവ ക്രമാതീതമായി വർധിച്ചതിനാൽ റെയിൽവേ യാത്രക്കാരുടെ സുരക്ഷക്ക് റെയിൽവേ മുൻഗണന നൽകണമെന്ന് അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.