വന്ദേഭാരത് ന്യായീകരണത്തിന് പൊള്ള വാദങ്ങളുമായി റെയിൽവേ
text_fieldsതിരുവനന്തപുരം: സാധാരണ യാത്രക്കാരെ വെട്ടിലാക്കുന്ന വന്ദേഭാരതുകളുടെ വഴിതടയൽ ന്യായീകരിക്കാൻ റെയിൽവേ നിരത്തുന്നത് പൊള്ളയായ വാദങ്ങൾ. വന്ദേഭാരതുകൾ ഓടിത്തുടങ്ങിയ ശേഷം മറ്റ് ട്രെയിനുകളുടെ വേഗം വർധിച്ചെന്നാണ് കഴിഞ്ഞദിവസം റെയിൽവേ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട സമയത്തിൽ വർധന വരുത്തി, ഈ സമയത്തിലെ വ്യത്യാസം ട്രെയിനിന്റെ വേഗം വർധിപ്പിച്ചതാണെന്ന് കാട്ടിയാണ് റെയിൽവേ കണ്ണിൽ പൊടിയിടുന്നതെന്ന് യാത്രക്കാർ പറയുന്നു.
ഒരു മണിക്കൂറിൽ ഓടിയെത്തേണ്ട ദൂരത്തിന് ഒന്നരമണിക്കൂർ സമയക്രമം നിശ്ചയിക്കും. ഇതിൽ അരമണിക്കൂർ വെറുതേ നിർത്തിയിടുന്നതാണ്. ഇങ്ങനെ നിർത്തിയിടുന്ന സമയത്തിലാണ് അവകാശവാദത്തിനായി കുറവുവരുത്തുന്നത്. ‘സ്ഥിരമായി വൈകിയോടുന്നു’ എന്ന പരാതിയിൽനിന്ന് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാനും യാത്രക്കാരുടെ പ്രതിഷേധം തടയാനുമാണ് ഇത്തരത്തിൽ നീളമേറിയ ബഫർ ടൈം ഉൾപ്പെടുത്തി സമയപ്പട്ടിക തയാറാക്കുന്നത്. ഓഫിസ് സമയത്ത് എത്തേണ്ട ട്രെയിനുകളുടെ വൈകൽ പരാതി നേരിടാൻ ബഫർ ടൈമുകൾ അധികരിപ്പിച്ച് രേഖകളിൽ കൃത്യസമയം കാണിക്കുകയാണ്.
നേരേത്ത 5.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്ന വേണാട് എക്സ്പ്രസ് വന്ദേഭാരത് വന്നതോടെ 10 മിനിറ്റ് വൈകി 5.25നാണ് പുറപ്പെടുന്നതെന്നും എന്നാൽ, ഷൊർണൂരിൽ എത്തുന്ന സമയത്തിൽ മാറ്റമില്ലെന്നുമാണ് റെയിൽവേ നിരത്തുന്ന വാദം. 15 മിനിറ്റിൽ ഓടിയെത്താവുന്ന വടക്കാഞ്ചേരി-ഷൊർണൂർ ദൂരത്തിന് 50 മിനിറ്റാണ് ബഫർ ടൈമായി നിശ്ചയിച്ചിരിക്കുന്നത്.
ഇത് കുറച്ചാണ് വേണാടിന്റെ സമയക്രമത്തിൽ മാറ്റമില്ലെന്നും വേഗം കൂടിയെന്നും റെയിൽവേയുടെ വിശദീകരണം. വേഗം വർധിപ്പിച്ചെങ്കിൽ എന്തുകൊണ്ട് വേണാട് കോട്ടയം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ സമയം പാലിക്കുന്നില്ല എന്നതിന് ഉത്തരമില്ല. എറണാകുളം-കായംകുളം പാസഞ്ചറിന് ചേപ്പാട്ടുനിന്ന് ഏഴ് കിലോമീറ്റർ ദൂരത്തുള്ള കായംകുളത്തേക്ക് നിശ്ചയിച്ചിരിക്കുന്ന സമയം 55 മിനിറ്റാണ്.
രാവിലെ ഒരുമണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തെത്തുന്ന ജനശതാബ്ദിക്ക് മടക്കയാത്രയിൽ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താൻ നിശ്ചയിച്ചത് ഒന്നര മണിക്കൂറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.