ഇരുളിൽ മരണമായി മഴ
text_fieldsകുടയത്തൂർ: കുടയത്തൂർ സംഗമം കവലക്കടുത്ത് മാളിയേക്കൽ കോളനിക്ക് സമീപമുണ്ടായ ഉരുൾപൊട്ടൽ ദുരന്തം നാടിെൻറ കണ്ണീരായി. ഇരുളിൽ മരണമായി പെയ്തിറങ്ങിയ മഴ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ജീവനാണ് എടുത്തത്. വെല്ലുവിളികളെ അതിജീവിച്ച് രക്ഷാപ്രവർത്തനത്തിന് നാട് ഒന്നിച്ചിറങ്ങിയ കാഴ്ചക്കാണ് ദുരന്തഭൂമി സാക്ഷ്യംവഹിച്ചത്.
നേരം പുലരുന്നതിന് മുമ്പുതന്നെ ദുരന്തവാർത്ത നാടാകെ പരന്നിരുന്നു. അറിഞ്ഞവർ സംഗമം കവലക്ക് സമീപത്തെ ദുരന്തസ്ഥലത്തേക്ക് പ്രവഹിച്ചു. ദൂരെസ്ഥലങ്ങളിൽനിന്നുപോലും വാഹനങ്ങളിൽ ആൾക്കൂട്ടമെത്തി. അഗ്നിരക്ഷസേനക്കും പൊലീസിനുമൊപ്പം അവർ തിരച്ചിൽ പ്രവർത്തനങ്ങളിൽ സജീവമായി.
ഉരുൾപൊട്ടി ഒഴുകിയ വഴികളിലെ കൂറ്റൻ പാറക്കല്ലുകളും കടപുഴകിവീണ വന്മരങ്ങളും ഭീഷണിയാണെന്ന് പലരും മുന്നറിയിപ്പ് നൽകിയപ്പോഴും മണ്ണിനടിയിൽപെട്ടവർക്കായി അവർ കൈമെയ് മറന്നിറങ്ങി. പ്രദേശത്ത് കാൽമുട്ടോളം ആഴ്ന്നുപോകുന്ന വിധത്തിൽ പലയിടത്തും ചളി അടിഞ്ഞുകൂടിയിരുന്നു.
മരക്കുറ്റികളും കല്ലിൻകൂട്ടങ്ങളും കൂടിയായപ്പോൾ കാൽകുത്തി നടക്കാൻപോലും പ്രയാസമായി. നിമിഷങ്ങൾക്കുള്ളിൽ സംഭവസ്ഥലം ജനനിബിഡമായി. സമീപത്തെ വീടുകളിൽ താമസിക്കുന്നവർക്ക് അപ്പോഴും നടുക്കം വിട്ടുമാറിയിരുന്നില്ല.
ഒരു കുടുംബം മണിക്കൂറുകളായി മണ്ണിനടിയിലാണെന്ന് അറിയാമെങ്കിലും അവർ ജീവനോടെ തിരിച്ചെത്തണമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമായിരുന്നു എല്ലാവരും. ചടുലമായും കൃത്യമായി നിർദേശങ്ങൾ പാലിച്ചും തിരച്ചിൽ നടത്തിയതിനാൽ അഞ്ച് മൃതദേഹങ്ങളും ഉച്ചക്ക് മുമ്പുതന്നെ പുറത്തെടുക്കാനായി.
ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലെ ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീം, ഐ.ആർ.ഡബ്ല്യു, പോപുലർ ഫ്രണ്ട്, സേവാഭാരതി, റാപിഡ് റെസ്പോൺസ് ടീം തുടങ്ങിയ സംഘങ്ങളും രക്ഷാപ്രവർത്തനത്തിന് മുൻനിരയിലുണ്ടായിരുന്നു. മന്ത്രി കെ. രാജൻ, കലക്ടർ ഷീബ ജോർജ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കണ്ണീരിൽ കുതിർന്ന് അവർ യാത്രയായി
തൊടുപുഴ: ഉരുൾപൊട്ടലിൽ മരിച്ചവർക്ക് നാടൊന്നാകെ അന്ത്യോപചാരമർപ്പിച്ച് യാത്രയാക്കി. നാടിെൻറ നാനാഭാഗങ്ങളിൽ നിന്നുള്ളവർ കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചും അന്തിമോപചാരമർപ്പിക്കാൻ എത്തി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി തൊടുപുഴ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ലഭിച്ച മൃതദേഹം മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റ്യനും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് ഏറ്റുവാങ്ങി കുടയത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിനെത്തിച്ചു. തുടർന്ന്, വൈകീട്ട് 5.30ഓടെ തൊടുപുഴ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.
കലക്ടർ ഷീബാ ജോർജ്, ആർ.ഡി.ഒ എം.കെ. ഷാജി, ഡെ. കലക്ടർ ജോളി ജോസഫ്, മുൻ എം.പി ജോയ്സ് ജോർജ്, സി.വി. വർഗീസ്, കെ.കെ. ജയചന്ദ്രൻ എന്നിവർ തൊടുപുഴ ജില്ല ആശുപത്രിയിൽ അന്ത്യമോപചാരം അർപ്പിച്ചു. കൃഷിമന്ത്രി പി. പ്രസാദ് തൊടുപുഴ വൈദ്യുതി ശ്മശാനത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. കുടയത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷമായിരുന്നു അന്ത്യകർമങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.