നിരാശപ്പെടുത്താതെ തുലാവർഷം; 27 ശതമാനം അധികമഴ
text_fieldsതൃശൂർ: തുലാവർഷം ഇത്തവണ കേരളത്തെ നിരാശപ്പെടുത്തിയില്ല. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 30 വരെയുള്ള മഴയുടെ കണക്കെടുക്കുമ്പോൾ ശരാശരിയേക്കാൾ 27 ശതമാനം വർധനയാണുണ്ടായത്. ഏറ്റവും അധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ശരാശരിയേക്കാൾ 95 ശതമാനത്തിന്റെ വർധന.
ശരാശരി 624.7 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നിടത്ത് 1220.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് ശരാശരിയായ 548.5 മില്ലിമീറ്ററിന് പകരം 836.6 മില്ലിമീറ്റർ ലഭിച്ചു. 53 ശതമാനത്തിന്റെ വർധന. ജലവൈദ്യുത പദ്ധതികൾ കൂടുതലുള്ള ഇടുക്കി ജില്ലയിൽ വർധന 18 ശതമാനം മാത്രമാണ്.
ശരാശരിയായ 566.4ന് പകരം 666.5 മില്ലിമീറ്റർ ലഭിച്ചു. കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമാണ് ശരാശരിയേക്കാൾ കുറവ് ലഭിച്ചത്. ഈ ജില്ലകളിൽ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ 377.1 മില്ലിമീറ്ററും വയനാട്ടിൽ 309.6 മില്ലിമീറ്ററും മഴ ലഭിച്ചു. 19 ശതമാനത്തിലധികം ലഭിച്ചാൽ മാത്രമാണ് അധികമഴ ലഭിച്ചതായി കണക്കാക്കുക.
ഇതനുസരിച്ച് പത്തനംതിട്ടക്കും തിരുവനന്തപുരത്തിനും പുറമെ ആലപ്പുഴ (40), എറണാകുളം (25), കോട്ടയം (38), പാലക്കാട് (40) എന്നിവയാണ് ഈ ഗണത്തിൽ വരുന്ന ജില്ലകൾ. ലക്ഷദ്വീപിൽ തുലാവർഷ മഴയിൽ 32 ശതമാനം വർധനയുണ്ടായി. ഇവിടെ ശരാശരി മഴയായ 333.7 മില്ലിമീറ്ററിന് പകരം 441.9 മില്ലിമീറ്റർ പെയ്തു. മാഹിയിൽ തുലാവർഷമഴയിൽ 35 ശതമാനത്തിന്റെ കുറവുണ്ടായി. ഇവിടെ ലഭിച്ചത് 246.6 മില്ലിമീറ്റർ മാത്രമാണ്.
സംസ്ഥാനത്ത് ഒരു വർഷം ലഭിക്കുന്ന മഴയുടെ 68 ശതമാനവും ലഭിക്കേണ്ടത് കാലവർഷത്തിലാണ്. ഇത്തവണ കാലവർഷത്തിൽ 34 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഈ കുറവ് ജലവൈദ്യുതി ഉൽപാദന രംഗത്ത് വെല്ലുവിളിയാകും.
ചില ചെറിയ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന പ്രതിഭാസം ഉണ്ടായെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഈ വർഷം കുറവായിരുന്നു. തിരുവനന്തപുരത്ത് വെള്ളക്കെട്ട് ദുരിതം സൃഷ്ടിച്ചു. വേനൽമഴ കാര്യമായി കനിഞ്ഞില്ലെങ്കിൽ ഉഷ്ണതരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥ ശാസ്ത്ര ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.