Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ ദുരിതം: അടിയന്തര...

മഴ ദുരിതം: അടിയന്തര ഇടപെടലുകള്‍ക്ക് മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാക്കേണ്ടയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

text_fields
bookmark_border
Roshy Augustine
cancel
Listen to this Article

തിരുവനന്തപുരം: മഴക്കാല ദുരിതങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യമുള്ള ഇടപെടലുകള്‍ക്ക് മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാത്തുനില്‍ക്കാതെ ഉദ്യോഗസ്ഥര്‍ പ്രവർത്തിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തിരുവനന്തപുരത്ത് മഴക്കാല പൂര്‍വ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കാലം നേരിടുന്നതിനായി അനുവദിച്ചിട്ടുള്ള 6.6 കോടി രൂപ ഫലപ്രദമായി വിനിയോഗിക്കണം. കടലാക്രമണ സംരക്ഷണത്തിനായി അനുവദിച്ചിരിക്കുന്ന തുകയും കൃത്യമായി ചെവഴിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള അധികാരം വിനിയോഗിച്ച് പ്രവര്‍ത്തിക്കണം. അനാവശ്യമായി മേലുദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തിരിക്കേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാലവര്‍ഷം എത്തും മുമ്പേ സംഭരണ ശേഷിയുടെ 80 ശതമാനമായ നെയ്യാര്‍ ഡാം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രണത്തില്‍ നിര്‍ത്തണം. മൂവാറ്റുപുഴയാറില്‍ അടക്കം ജലനിരപ്പ് ഉയരുന്നതിനാല്‍ മലങ്കര ഡാമില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താന്‍ അടിയന്തര ഇടപെടലിനും നിര്‍ദേശം നല്‍കി.

ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 16 ഡാമുകളുടെയും നാലു ബാരേജുകളുടെയും വെള്ളത്തിന്റെ അളവ് നിരീക്ഷിച്ചു വരികയാണ്. മീങ്കര ഡാമില്‍ ഇതിനോടകം തന്നെ ആദ്യത്തെ നീല അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 72 ശതമാനം വെള്ളമാണ് ഡാമില്‍ ഉള്ളത്. നെയ്യാര്‍ ഡാമില്‍ 81 ശതമാനം ജലം ഉണ്ട്. മറ്റുള്ള ഡാമുകളിലെല്ലാം 20 മുതല്‍ 65 ശതമാനം വരെയാണ് നിലവിലുള്ള വെള്ളത്തിന്റെ അളവ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നഗര പ്രദേശങ്ങളില്‍ പെട്ടെന്നു വെള്ളക്കെട്ട് രൂപം കൊള്ളുന്നത് എവിടെയൊക്കെ എന്നു തിരിച്ചറിയാന്‍ കഴിഞ്ഞു. ഇത് അവസരമായി കണ്ട് എത്രയും വേഗം ഇടപെട്ട് ഈ മേഖലകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനായി മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും ആവശ്യമെങ്കില്‍ സഹകരിപ്പിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മണ്‍സൂണ്‍ സമയത്ത് ഫോണിലൂടെ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അടിയന്തര ഇടപെടലുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണം. ഇതിന്റെ ഡേറ്റ സൂക്ഷിക്കണം. പതിറ്റാണ്ടുകളായി നദികളില്‍ അടിഞ്ഞു കൂടിയ എക്കല്‍ മാറ്റുന്ന പ്രവൃത്തി ഊര്‍ജിതമായി പുരോഗമിക്കുകയാണ്. എക്കലിന്റെ അളവ് താരതമ്യേന കുറഞ്ഞ 14 നദികളില്‍ 100 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഏഴു നദികളില്‍ നിന്നു കൂടി എക്കല്‍ പൂര്‍ണമായി നീക്കം ചെയ്യും.

മറ്റു നദികളില്‍ നിന്നും അടുത്ത 10 ദിവസത്തിനുള്ളില്‍ പരമാവധി എക്കല്‍ നീക്കം ചെയ്യണം. ഇതോടെ ഒഴുക്ക് സുഗമമാകുമെന്നും അതുവഴി വെള്ളപ്പൊക്കം ഒരു പരിധി വരെ തടയാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അലംഭാവം അരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഡാമിന്റെ ചുതലയുള്ള ഉദ്യോഗസ്ഥരോട് ദിവസവും വെള്ളത്തിന്റെ അളവിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainRoshy Augustine
News Summary - Rain disaster: Minister Roshy Augustine urges immediate action
Next Story