വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടി
text_fieldsതിരുവനന്തപുരം: മഴലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് വരള്‍ച്ചാസാധ്യത മുന്നില്‍കണ്ട് അടിയന്തരനടപടി കൈക്കൊള്ളാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വരള്‍ച്ചാ അവലോകന യോഗത്തിലാണ് തീരുമാനം. മിക്ക ജില്ലകളിലും ഇപ്പോള്‍തന്നെ വരള്‍ച്ചയുണ്ടെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് യോഗം ചര്‍ച്ചചെയ്തു.
വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കണം. ചെക്ക് ഡാമുകള്‍ നിര്‍മിക്കല്‍, കനാല്‍-കുളങ്ങള്‍ വൃത്തിയാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് നടത്തണം. സന്നദ്ധസംഘടനകളുടെയും ക്ളബുകളുടെയും സേവനം ഇതിനായി ഉപയോഗിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മഴവെള്ള സംഭരണികള്‍ ഒരുമാസത്തിനകം അതത് വകുപ്പുകള്‍ കാര്യക്ഷമമാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിവരുന്ന മഴപ്പൊലിമ സംസ്ഥാന വ്യാപകമാക്കും. ജലസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും. അണക്കെട്ടുകളിലെ ജലവിനിയോഗം കാര്യക്ഷമമാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കമ്മിറ്റി രൂപവത്കരിച്ചു.
തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് ശുദ്ധജല കിയോസ്ക്കുകള്‍ സ്ഥാപിക്കണം. പുനരുപയോഗത്തിന് ഊന്നല്‍ നല്‍കി ജലദുരുപയോഗം ഇല്ലാതാക്കാന്‍ നടപടി കൈക്കൊള്ളണം. വന്യജീവികള്‍ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തണം. മഴക്കുഴികള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ, മണ്ണ് സംരക്ഷണ വകുപ്പുകള്‍ നടപടിയെടുക്കണം. വേനല്‍കാലത്തേക്ക് അണക്കെട്ടുകളില്‍ ജലം സംഭരിച്ച് സൂക്ഷിക്കണം. നിലവിലെ ഉപയോഗത്തിന് മറ്റ് സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഡോ. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്തയാഴ്ച സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിക്കും. അതിനുശേഷമാകും വരള്‍ച്ചാബാധിത പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.