മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്
text_fieldsതിരുവനന്തപുരം: ഓണമടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലർട്ടുമുണ്ട്. അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഉത്രാടം ദിനമായ ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്. തിരുവോണദിവസമായ വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കന്യാകുമാരി മേഖലക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യത ഒരുക്കിയത്. ഒറ്റപ്പെട്ട ശക്തമായ മഴ, ഇടിമിന്നൽ എന്നിവക്കും സാധ്യതയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ മുന്നറിയിപ്പുകളോട് സഹകരിക്കണം. ഐ.ആർ.എസ് ഉദ്യോഗസ്ഥർ കലക്ടറുടെ അനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടില്ല.
കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റുവീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിൽ മലയോരമേഖലകളിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ടായി. കനത്ത കാറ്റും വീശുന്നുണ്ട്. തിരുവനന്തപുരത്ത് മലയോര തീരദേശ യാത്രകൾക്കും ഖനനപ്രവർത്തനങ്ങൾക്കും ജില്ല കലക്ടർ വിലക്ക് ഏർപ്പെടുത്തി.
പ്രഫഷനൽ കോളജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റമില്ല. മുതലപ്പൊഴിയിൽ മീൻപിടിത്ത ബോട്ട് അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചു. പൊന്മുടി മങ്കയത്ത് മലവെള്ളപ്പാച്ചിലിൽപെട്ടവരിൽ രണ്ടുപേർ മരിച്ചു. വിതുരയിൽ കാർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.