മഴ: പൊലീസിന് ജാഗ്രതാനിർദേശം, നോഡൽ ഓഫിസർമാരെ നിയോഗിച്ചു
text_fieldsതിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ല പൊലീസ് മേധാവികൾക്ക് ജാഗ്രതാനിർദേശം നൽകി. പൊലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡൽ ഓഫിസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എ.ഡി.ജി.പി കെ. പത്മകുമാറിനെയും ദുരന്തനിവാരണപ്രവർത്തനങ്ങളുടെ നോഡൽ ഓഫിസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെയെയും നിയോഗിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കും. അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദേശം നൽകി.
ജില്ല പൊലീസ് മേധാവികൾ കലക്ടർമാരുമായും ജില്ലതല ദുരന്തനിവാരണ സമിതിയുമായും നിരന്തരം സമ്പർക്കം പുലർത്തും. മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദേശം നൽകി.
സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അടിയന്തര യോഗം വിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.