മഴെക്കടുതി തുടരുന്നു
text_fieldsതിരുവനന്തപുരം: തോരാതെ പെയ്യുന്ന മഴക്ക് തിങ്കളാഴ്ച നേരിയ ശമനമുണ്ടായെങ്കിലും പല ജില്ലകളിലും കെടുതി തുടരുന്നു. അട്ടപ്പാടി ചുരത്തിൽ വൻ മലയിടിച്ചിലിനെ തുടർന്ന് അട്ടപ്പാടി പൂർണമായും ഒറ്റപ്പെട്ടു. ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. മേഖലയിൽ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ മലയോരം ഉരുൾപൊട്ടലിെൻറയും പടിഞ്ഞാൻ മേഖല വെള്ളപ്പൊക്കത്തിെൻറയും ഭീഷണിയിലാണ്.
കോട്ടയം ജില്ലയിൽ രണ്ടുപേരും എറണാകുളം ജില്ലയിൽ ഒരാളും മരിച്ചു. ബൈക്കിന് മുകളിലേക്ക് മരംവീണാണ് കോട്ടയത്ത് യുവാവ് മരിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ, ഇറച്ചിപ്പാറക്കു സമീപം വലിയ മരം കടപുഴകി ബൈക്ക് യാത്രക്കാരനായ പന്തടിക്കളം ട്രൈബൽ കോളനിയിൽ നിരപ്പേൽ രാജുവിെൻറ മകൻ മനുവാണ് (21) മരിച്ചത്. പേരൂരിൽ വെള്ളം പൊങ്ങിക്കിടന്ന പുഞ്ചപ്പാടത്ത് നീന്താനിറങ്ങിയ മധ്യവയസ്കൻ മുങ്ങിമരിച്ചു. അമ്പനാട്ടുനടയ്ക്കല് എന്‍.കെ. ശശിയാണ് (55 ) മരിച്ചത്. എറണാകുളം ജില്ലയിലെ കോതമംഗലത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ തങ്കളം കരിപ്പുഴിത്തോട്ടിൽ വീണ കുന്നുപിള്ളി ബൈജുവിെൻറ (37) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി 9.30ഒാടെ വെള്ളം നിറഞ്ഞ കോളനി റോഡിലെ പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.
അട്ടപ്പാടി ചുരത്തിൽ പത്താംവളവിനു സമീപമാണ് മലയിടിഞ്ഞത്. കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇരുമ്പകച്ചോല കൊർണകുന്നിൽ മല വിണ്ടുകീറി. പൂഞ്ചോല പാമ്പൻതോട് ആദിവാസി കോളനി ഒറ്റപ്പെട്ടു. കോളനിക്ക് മുകളിൽ ഏതു നിമിഷവും വീഴാവുന്ന തരത്തിൽ വൻ പാറക്കല്ലുകൾ നിൽക്കുകയാണ്. അട്ടപ്പാടി മുക്കാലി ചുരത്തിൽ രണ്ടാം ദിവസവും മണ്ണിടിച്ചിൽ തുടർന്നു. 100 മീറ്ററോളം മുകളിൽ നിന്ന് മലയിടിഞ്ഞിറങ്ങി വന്ന മണ്ണ് റോഡിൽ 50 മീറ്ററോളം ഉയരത്തിൽ നിൽക്കുകയാണ്. മൂന്ന് ദിവസമെങ്കിലും വേണ്ടിവരും മണ്ണ് നീക്കാൻ.
കോട്ടയം ജില്ലയിൽ പമ്പ, മണിമലയാർ, അഴുത, കൊടൂരാർ എന്നിവ കരകവിഞ്ഞതാണ് കെടുതി ഇരട്ടിയാക്കിയത്. കോട്ടയം-കുമളി റോഡിൽ കെ.എസ്.ആർ.ടി.സി അടക്കം ബസ് സർവിസും തടസ്സപ്പെട്ടു. മീനച്ചിൽ താലൂക്കിൽ തിടനാട്, അടുക്കം, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, മേലോരം ഏന്തയാർ, ഇളങ്കാട്, ഇളങ്കാട് ടോപ് പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മീനിച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നത് പാലാ, ഇൗരാറ്റുപേട്ട, മണിമല തുടങ്ങിയ പ്രദേശങ്ങളിൽ ഭീതിപരത്തുന്നു. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ചയും മണ്ണിടിഞ്ഞു. ഇടുക്കിയും മുല്ലപ്പെരിയാറും ഒഴികെ ജില്ലയിലെ ഡാമുകൾ നിറഞ്ഞു. കല്ലാർകുട്ടി, മലങ്കര, ലോവർപെരിയാർ, പൊന്മുടി എന്നിവ സംഭരണശേഷി കവിഞ്ഞതിനെ തുടർന്ന് തുറന്നുവിട്ടു. പത്തനംതിട്ട ജില്ലയിൽ മൂന്നു വീട് പൂര്‍ണമായും 10 വീട് ഭാഗികമായും തകര്‍ന്നു. കേരളത്തിൽ ചൊവ്വാഴ്ചയും ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.