മഴ നിലച്ചു; വൈദ്യുതി ഉൽപാദനം കുറച്ചു; ഉപഭോഗം കുതിക്കുന്നു
text_fieldsമൂലമറ്റം: സംസ്ഥാനത്ത് മഴ നിലച്ചതോടെ ചൂട് വർധിച്ചതിനെത്തുടർന്ന് വൈദ്യുതി ഉപഭോഗം കുതിക്കുന്നു. സംസ്ഥാനത്ത് ബുധനാഴ്ച മൊത്ത വൈദ്യുതി ഉപഭോഗം 76.67 ദശലക്ഷം യൂനിറ്റാണ്. നവംബറിൽ ഇതേസമയം ശരാശരി 70 ദശലക്ഷം യൂനിറ്റായിരുന്നു. മഴ തീർത്തും മാറി നിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും ഉപഭോഗം വർധിക്കാനാണ് സാധ്യത. ഫാൻ, എയർ കണ്ടീഷനർ എന്നിവയുടെ ഉപയോഗം വർധിച്ചതാണ് ഉപഭോഗം കൂടാൻ കാരണം.
നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴ്ന്നുതുടങ്ങുകയും ചെയ്തതോടെ വൈദ്യുേതാൽപാദനവും ഗണ്യമായി കുറച്ചു. വ്യാഴാഴ്ച രാവിലത്തെ കണക്കുപ്രകാരം 26.2 ദശലക്ഷം യൂനിറ്റാണ് ആഭ്യന്തര ഉൽപാദനം. നവംബറിൽ ഇതേ ദിവസം 41 ദശലക്ഷം യൂനിറ്റായിരുന്നു.
വേനൽ കടുക്കുമ്പോൾ വൈദ്യുതി വില വർധിക്കുകയും ക്ഷാമം നേരിടുകയും ചെയ്യും. ഇത് മുന്നിൽ കണ്ട് ഡാമുകളിൽ ജലം കരുതലായി സൂക്ഷിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് വൈദ്യുതി വകുപ്പിെൻറ ഡാമുകളിലെല്ലാം കൂടി 3832.7 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ശേഷിക്കുന്നുണ്ട്.
ഇത് സംഭരണശേഷിയുടെ 93 ശതമാനമാണ്. ബുധനാഴ്ച 76.67 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 26.2 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 50.43 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. ഇടുക്കിയിൽ 9.86 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 5.03 ദശലക്ഷം യൂനിറ്റ്, കുറ്റ്യാടി രണ്ട്, നേര്യമംഗലം 1.3, ലോവർപെരിയാർ 1.88 എന്നിങ്ങനെയാണ് മറ്റ് നിലയങ്ങളിലെ ഉൽപാദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.