മഴ മുന്നറിയിപ്പ്; ഇടുക്കിയിലേക്ക് വരാൻ മടിച്ച് സഞ്ചാരികൾ
text_fieldsതൊടുപുഴ: മഴ കനത്തതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് ജൂണ്‍, ജൂലൈ മാസങ്ങളിൽ ജില്ലയിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഇക്കുറി ഉണ്ടായത്.
മേയ് മാസത്തിലെത്തിയ സന്ദർശകരുടെ പകുതിയോളമാണ് ജൂണ്‍, ജൂലൈ മാസങ്ങളിൽ എത്തിയത്. മേയ് മാസം 4,79,979 പേരാണ് ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലെത്തിയത്. എന്നാൽ ജൂണിൽ 2,67,472 പേരും ജൂലൈയിൽ 1,26,015 സന്ദർശകരും മാത്രം വന്നു. കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റവും മഴ മുന്നറിയിപ്പുകളുമാണ് സന്ദർശകർ കുറയാനുള്ള കാരണം.
ജൂലൈ മാസത്തിലാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഏറ്റവും കുറവുണ്ടായത്. മഴക്കാലം തുടങ്ങിയതോടെ പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവും എണ്ണത്തിൽ കുറവിന് കാരണമായതിന് പുറമെ മാസാവസാനം ഉണ്ടായ വയനാട് ദുരന്തവും യാത്രക്കാരുടെ മനസു മാറ്റി.
ഒരാഴ്ചയോളമായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് രണ്ടുദിവസം മുമ്പ് പിൻവലിച്ചിട്ടും യാത്രക്കാർ എത്തി തുടങ്ങിയിട്ടില്ല. മധ്യവേനൽ അവധിക്കാലമായ മേയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിയതിന്റെ പകുതിയോളമാണ് ജൂണിൽ ഇടുക്കി സന്ദർശിച്ചു മടങ്ങിയത്. ജൂലൈയിൽ വീണ്ടും സന്ദർശകർ ഏതാണ്ട് നേർപകുതിയിലേക്ക് താഴ്ന്നു. മേയിൽ 1,43,369 സഞ്ചാരികൾ എത്തിയ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ജൂലൈയിൽ എത്തിയത് 26,918 പേർ മാത്രം.
ചില്ലുപാലം നിലവിൽ വന്നതോടെ വാഗമണിലേക്ക് കഴിഞ്ഞ വർഷം മുതൽ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾ തീരെ കുറഞ്ഞു. മണ്‍സൂണ്‍ സീസണിൽ കേരളത്തിനു പുറത്തുള്ള വിനോദസഞ്ചാരികളാണ് കൂടുതലായി എത്താറ്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരാണ് മൂന്നാറിലും മറ്റും ഈ സീസണിൽ എത്തുന്നവരിലേറെയും. എന്നാൽ കാലാവസ്ഥ അനൂകൂലമല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വരവു കുറഞ്ഞതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവക്കു പുറമേ ചെറുകിട കച്ചവടക്കാർ പോലും പ്രതിസന്ധിയിലാണ്. ശക്തമായ മഴ സാധ്യതയില്ലെന്ന കാലാവസ്ഥ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വൈകാതെ സജീവമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.