കേരളത്തിൽ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വെള്ളിയാഴ്ച ഭേദപ്പെട്ട മഴലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി തെക്കൻ കേരളത്തിലെ പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബർ മാസത്തെ പ്രവചന പ്രകാരം കേരളത്തിൽ കുറവ് മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഒറ്റപ്പെട്ട ചില മേഖലയിൽ സാധാരണ മഴ ലഭിക്കാനുള്ള സൂചനയും കാലാവസ്ഥ വകുപ്പ് നൽകുന്നുണ്ട്. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവ് ലഭിക്കാനാണ് സാധ്യത.
ഇതോടെ ഓഗസ്റ്റിന് സമാനമായി സെപ്റ്റംബറിലും കേരളത്തിൽ മഴ കുറയുമെന്നാണ് കരുതുന്നത്. 123 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോർഡുമായാണ് ഓഗസ്റ്റ് മാസം അവസാനിച്ചത്.122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് വന്നിട്ടുള്ളത്.
ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 എംഎം ആണ്. എന്നാൽ, ഇതുവരെ ലഭിച്ചത് 911.6 എംഎം മഴ മാത്രമാണ്. ജൂണിൽ ശരാശരി 648.3 എം.എം മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് ലഭിച്ചത് 260.3 എം.എം മഴ മാത്രമാണ്. 60 ശതമാനമാണ് കുറവ്. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചു. 653. 5 എം.എം ലഭിക്കേണ്ട ജൂലൈ മാസത്തിൽ ലഭിച്ചത് 592 എം.എം മഴയാണ്. ഒമ്പത് ശതമാനത്തിന്റെ കുറവാണ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.