ഇടവിട്ട് മഴ; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
text_fieldsതൊടുപുഴ: രണ്ടാഴ്ചയായി ജില്ലയിൽ ഭേദപ്പെട്ട മഴ തുടരുന്നു. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും ഹൈറേഞ്ചിലും ഉച്ചകഴിഞ്ഞാണ് മിന്നലോടെയുള്ള മഴ. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലും തൊടുപുഴ താലൂക്കിലുമാണ് മഴ കൂടുതൽ. മഴ തുടരുമെന്നാണ് പ്രവചനം.
ജില്ലയിൽ ആഗസ്റ്റിൽ മഴ നിരാശപ്പെടുത്തിയെങ്കിലും സെപ്റ്റംബറിൽ നന്നായി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്ന് തുടങ്ങി. നീരൊഴുക്ക് നിലച്ച വെള്ളച്ചാട്ടങ്ങളും സജീവമായിട്ടുണ്ട്.
ജൂൺ മുതൽ ആഗസ്റ്റ് വരെ ലഭിച്ച മൺസൂൺ മഴയിൽ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ മഴ കുറഞ്ഞത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. വരൾച്ച സാധ്യത ഉൾപ്പെടെ കൃഷിക്കാർ പ്രവചിച്ചിരുന്നു.
ഒരിടവേളക്ക് ശേഷം മഴ പെയ്തു തുടങ്ങിയത് കാർഷിക മേഖലക്കും ആശ്വാസമായി. ജില്ലയിലെ മഴക്കുറവ് 56 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കുറവ് രേഖപ്പെടുത്തിയ ജില്ലകളിലൊന്നാണ് ഇടുക്കി.
കുണ്ടള ഡാമിന്റെ ഷട്ടറുകൾ തുറന്നു
മൂന്നാർ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കുണ്ടള ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെയാണ് ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകള്‍ 0.5 സെന്റിമീറ്റര്‍ ഉയര്‍ത്തി നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. കുണ്ടളയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുണ്ടള അണക്കെട്ടില്‍നിന്നു വെള്ളം ഒഴുകിയെത്തുന്നതോടെ മാട്ടുപ്പെട്ടി ജലസംഭരണിയിലും ജലനിരപ്പ് വര്‍ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.