വേനൽ മഴ, കാറ്റ്, നാശം
text_fieldsപൂക്കോട്ടുംപാടം: കാലംതെറ്റിയെത്തിയ കാറ്റിലും മഴയിലും ടി.കെ. കോളനിയിൽ 2000ത്തിലേറെ നേന്ത്രവാഴകൾ നശിച്ചു. ഞായറാഴ്ച പുലർച്ച അഞ്ചുമണിയോടെ ഏതാനും നിമിഷം ആഞ്ഞുവീശിയ കാറ്റിലാണ് വാഴകൾ നിലംപതിച്ചത്.
വിളവെടുക്കാൻ ഏതാനും മാസം ബാക്കിയിരിക്കെയാണ് കുലവാഴകൾ ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കാട്ടാന, പന്നിശല്യം എന്നിവയിൽനിന്ന് കൃഷി സംരക്ഷിക്കാൻ സോളാർവേലി കെട്ടി സംരക്ഷിച്ചുപോന്ന വാഴകളാണ് ഞൊടിയിടയിൽ നശിച്ചത്. ടി.കെ. കോളനി വാക്കോട്ടിൽ സണ്ണി, ബിജു സഹോദരങ്ങൾ 2000 വാഴ നട്ടതിൽ 20ൽ താഴെ മാത്രമാണ് ബാക്കിയുള്ളത്. ഇവർ മൂന്ന് ലക്ഷം രൂപയോളം ബാങ്ക് വായ്പ എടുത്താണ് നേന്ത്രവാഴകൃഷി നടത്തിയത്. കൂടാതെ മേലേമണ്ണിൽ സബീറിെൻറ 250ലധികം വാഴയും കുരുക്കുത്തിയിൽ വിൽസണിെൻറ 100ലധികം വാഴകളും കാറ്റിൽ നശിച്ചു.
നേന്ത്രവാഴക്ക് പൊതുവെ വിലക്കുറവാണെങ്കിലും റമദാൻ മുന്നിൽ കണ്ടാണ് കൃഷി ആരംഭിച്ചത്. അപ്രതീക്ഷിത പ്രകൃതിക്ഷോഭത്താലുണ്ടായ കൃഷിനാശത്തിന് സർക്കാർതലത്തിൽ ആശ്വാസധനം അനുവദിക്കണമെന്നാണ് കർഷകർ പറയുന്നത്.
എന്നാൽ, വാഴകൃഷിക്ക് ഇൻഷുറൻസ് ഉള്ളതിനാൽ നഷ്ടപരിഹാരം നൽകാനാവുമെന്ന് അമരമ്പലം കൃഷി ഓഫിസർ വി.എം. സമീർ അറിയിച്ചു. സ്ഥലം വാർഡ് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ, മുൻ വാർഡ് അംഗം ബിന്ദു പല്ലാട്ട് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വാഴകൾ നിലംപൊത്തി; ലക്ഷങ്ങളുടെ നഷ്ടം
കാളികാവ്: കാറ്റിൽ വാഴകൾ കൂട്ടത്തോടെ നിലംപൊത്തിയത് കർഷകരെ ദുരിതത്തിലാക്കി. പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥലം പാട്ടത്തിന് എടുത്ത മൂന്ന് കർഷകരുടെ പതിനായിരത്തോളം കുലച്ച വാഴകളാണ് നിലംപൊത്തിയത്.
ഉദരംപൊയിൽ സ്വദേശികളായ കൈപ്പഞ്ചീരി നസീർ, പാലക്കത്തോണ്ടി സുഫ്യാൻ, കുറുവക്കുന്നൻ നജ്മുദ്ദീൻ എന്നിവരുടെ വാഴ കൃഷിയാണ് നശിച്ചത്.
പുല്ലങ്കോട് എസ്റ്റേറ്റിലെ റീ പ്ലാനിങ് ഏരിയയിലാണ് കൃഷി ചെയ്തത്. ഞായറാഴ്ച പുലർച്ച അഞ്ചിന് മഴക്കൊപ്പമെത്തിയ കാറ്റാണ് നാശം വിതച്ചത്. കുലച്ച വാഴകൾ ഒരുമാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ഇതിനിടയിലാണ് കർഷകരുടെ മനം ഉരുക്കി കാറ്റ് നാശം വിതച്ചത്. ബാങ്ക് വായ്പയെടുത്താണ് ഇവർ വാഴകൃഷി ചെയ്തത്. 30 ലക്ഷത്തോളം രൂപയുടെ നഷടം കണക്കാക്കുന്നു.
കരുവാരകുണ്ടിൽ കനത്ത നാശം
കരുവാരകുണ്ട്: ഞായറാഴ്ച പുലർച്ചയുണ്ടായ കാറ്റിലും മഴയിലും കരുവാരകുണ്ടിൽ കനത്ത നാശം. അരിമണൽ കാട്ടിക്കുന്ന് പട്ടികജാതി കോളനിയിലെ വാപ്പുവിെൻറ വീടിന് മീതെ തെങ്ങ് വീണ് അടുക്കള ഭാഗം പൂർണമായും തകർന്നു. ഓട് വീണ് ഭാര്യ ശാന്തക്ക് പരിക്കേറ്റു. പുളിങ്കടവിലെ ഒറോമാരി ഉണ്ണികൃഷ്ണെൻറ വീടും മരംവീണ് ഭാഗികമായി തകർന്നു.
കുട്ടത്തി വാർഡിൽ അമ്പലക്കുന്നിലെ മേച്ചീരി രാജേഷ്, വടക്കുമ്പറമ്പൻ കോയ എന്നിവരുടെ വീടുകളും മരംവീണ് ഭാഗികമായി തകർന്നു. മരുതിങ്ങലിലെ കുന്നനാത്ത് മുഹമ്മദ് എന്ന നാണിയുടെ കുലച്ച 150 വാഴകൾ ഒടിഞ്ഞു തൂങ്ങി. മഞ്ഞൾപാറ, കൽക്കുണ്ട്, കണ്ണത്ത് മേഖലകളിൽ നിരവധി വാഴകൾ, റബർ മരങ്ങൾ എന്നിവ നിലംപൊത്തി.
മരംവീണ് നിരവധി വൈദ്യുതി തൂണുകളും തകർന്നു. പ്രദേശത്ത് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പൊന്നമ്മ, വൈസ് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് എന്നിവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.