പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി: കാർഷിക മേഖലക്ക് നഷ്ടം എട്ടുകോടി കവിഞ്ഞു
text_fieldsപത്തനംതിട്ട: ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്തമഴയിൽ ജില്ലയിലുണ്ടായ കാർഷിക നഷ്ടം എട്ടു കോടിയിലധികമായി. 196.11 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 3680 കർഷകരാണ് ഇതേവരെ നഷ്ടത്തിെൻറ കണക്ക് നൽകിയിട്ടുള്ളത്. പരാതികൾ പരിശോധിച്ച് കണക്കെടുപ്പ് തുടരുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് വലിയ നഷ്ടം ഉണ്ടായത്. 8,15,13,200 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വെള്ളം കയറിയും കാറ്റിലുമാണ് കൂടുതൽ നഷ്ടം.
പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഇറങ്ങാനുണ്ടായ താമസം നഷ്ടം ഇരട്ടിയാക്കി. പച്ചക്കറിയും ഏത്തവാഴയുമാണ് ഏറെ നശിച്ചത്. ഓണത്തിന് വിളവെടുപ്പിനായി നട്ടുവളർത്തിയവയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. നെൽകൃഷി വിളവെടുപ്പ് പൂർത്തിയായതിനാൽ ഇത്തവണ നഷ്ടം കുറഞ്ഞു. രണ്ട് ഹെക്ടറിൽ മാത്രമാണ് നാശമുണ്ടായത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാർഷിക മേഖലയിൽ നഷ്ടപരിഹാരത്തുക ലഭിക്കാൻ വൈകുന്നുവെന്ന പരാതി കർഷകർക്കിടയിൽ വ്യാപകമായുണ്ട്. വേനൽമഴയിൽ വൻതോതിൽ നെല്ല് നഷ്ടപ്പെട്ടിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം വൈകുകയാണ്.കഴിഞ്ഞ വർഷം മേയ് മുതൽ നവംബർവരെ മഴ തുടരുകയും അടിക്കടി പ്രളയം ഉണ്ടാകുകയും ചെയ്തപ്പോഴും വൻ നഷ്ടമുണ്ടായി. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും മറ്റു കർഷകർക്കുള്ള സഹായമാണ് വൈകുന്നത്. സ്ഥലം പാട്ടത്തിനെടുത്തും മറ്റും കൃഷിചെയ്യുന്നവരാണ് ഏറെപ്പേരും. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്തവരാണ് ഏറെബുദ്ധിമുട്ടുന്നത്.
ഏത്തപ്പഴത്തിന് വിലയേറും
ഓണവിപണിയിലേക്ക് എത്തേണ്ടിയിരുന്ന ഏത്തക്കുലകൾ നഷ്ടപ്പെട്ടതിലൂടെ 3.75 കോടിയുടെ നഷ്ടം കണക്കാക്കുന്നു. ഇതോടെ ഓണവിപണിയിൽ ഏത്തപ്പഴത്തിന് വിലയേറുമെന്ന് ഉറപ്പായി. പച്ചക്കറികൾക്കും വൻ നാശമാണുണ്ടായത്. കഴിഞ്ഞവർഷം ഏത്തപ്പഴത്തിന് കിലോക്ക് 50 രൂപയിൽ താഴെയായിരുന്നു വില. ഇപ്പോൾ 80നടുത്താണ് വിപണി വില. 54,592 കുലച്ച ഏത്തവാഴ നശിച്ചു. 57.71 ഹെക്ടറിലായി 1404 കർഷകർക്കാണ് കുലച്ച ഏത്തവാഴകൾ നഷ്ടപ്പെട്ടത്.
കുലക്കാത്ത 61,398 ഏത്തവാഴകളും നശിച്ചു. 50 ഹെക്ടറിലാണ് നാശം. 1101 കർഷകർ നഷ്ടത്തിെൻറ കണക്കുകൾ നിരത്തിയിട്ടുണ്ട്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ പച്ചക്കറി കൃഷി നടത്തിയവർക്കും കനത്തനഷ്ടം നേരിട്ടു. പന്തൽ ഇടാതെ കൃഷി ചെയ്ത 8.55 ഹെക്ടറിലെ പച്ചക്കറി കൃഷിക്കാണ് നാശം നേരിട്ടത്. 130 കർഷകർക്കായി 3.38 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പന്തലിട്ട് കൃഷി ചെയ്ത 11.11 ഹെക്ടറിലെ പച്ചക്കറികളും നശിച്ചു. 163 കർഷകർക്കുണ്ടായ നഷ്ടം അഞ്ചുലക്ഷത്തിന്‍റേതാണ്.
കിഴങ്ങുവിളകൾക്കും നാശം
മരച്ചീനി, ഇഞ്ചി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങി കിഴങ്ങുവർഗങ്ങൾ കൃഷിചെയ്തവർക്കും കനത്ത നഷ്ടമാണുണ്ടായത്. കർഷകർക്ക് 2.28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഇതുവരെയുള്ള കണക്ക്. വിപണിയിൽ മെച്ചപ്പെട്ട വില മരച്ചീനിക്കു ലഭിച്ചുവന്ന സമയത്തായിരുന്നു മഴ. 17.54 ഹെക്ടറിൽ കൃഷി നശിച്ചു.
211 കർഷകർക്കാണ് നഷ്ടം. രണ്ട് ഹെക്ടറിലെ ഇഞ്ചികൃഷിയും നശിച്ചു. 23 കർഷകർക്കായി രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 1.56 ഹെക്ടറിലെ വെറ്റില നഷ്ടപ്പെട്ടിട്ടുണ്ട്. 82 കർഷകർക്കായി 3.90 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.15.48 ഹെക്ടറിലെ കിഴങ്ങുവർഗ കൃഷി നഷ്ടപ്പെട്ടു. 143 കർഷകർക്കായി 6.97 കോടിയുടെ നഷ്ടം. ടാപ്പ് ചെയ്തു കൊണ്ടിരുന്ന 4335 റബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 4050 മരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. 1.47 കോടിയുടെ നഷ്ടമുണ്ട്. നാളികേര കർഷകർക്കും 11 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.